നേര്യമംഗലം ബസ് അപകടം ; പ്രതികളുടെ ശിക്ഷ വെട്ടിച്ചുരുക്കി സുപ്രിംകോടതി
ഇടുക്കി: നേര്യമംഗലം ബസ് അപകടക്കേസിലെ പ്രതികളുടെ ശിക്ഷ വെട്ടിച്ചുരുക്കി സുപ്രീംകോടതി. പ്രതികളായ ബസ് ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്ന ജിനു സെബ്യാസ്റ്റന്‍, ബസ് ഉടമ അനില്‍ സെബാസ്റ്റിയന്‍ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചുരുക്കിയത്. ഇരുപ്രതികള്‍ക്കും ഹൈക്കോടതി വിധിച്ച അഞ്ച് വര്‍ഷം കഠിന തടവിലാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.
മാര്‍ട്ടിന്റെ ശിക്ഷ ഒരു വര്‍ഷമായിട്ടാണ് സുപ്രീംകോടതി വെട്ടിച്ചുരുക്കിയത്. നിലവില്‍ പത്ത് മാസത്തോളം ശിക്ഷ അനുഭവിച്ച മാര്‍ട്ടിനെ ബാക്കി രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ജയില്‍ മോചിതനാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാം പ്രതി അനില്‍ നാല് മാസം ജയില്‍ കഴിഞ്ഞതിനാല്‍ ഇനി പിഴയടച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഏഴര ലക്ഷം രൂപ പിഴയായി കെ കെട്ടിവയ്ക്കാനാണ് കോടതി നിര്‍ദ്ദേശം. ഇത് അപകടത്തില്‍ അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി.
2002ലാണ് മാമലക്കണ്ടം-കോതമംഗലം റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെടുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തത്. അപകടത്തില്‍ 63 പേര്‍ക്ക് പരുക്കേറ്റു. മനപൂര്‍വ്വം അല്ലാത്ത നരഹത്യയാണ് കേസില്‍ പ്രതികള്‍ക്ക് എതിരെ ചുമത്തിയത്. കേസില്‍ തൊടുപുഴയിലെ വിചാരണക്കോടതി ഇരുവര്‍ക്കും അഞ്ച് വര്‍ഷം തടവ് വിധിച്ചു. ഇതിനെതിരായ അപ്പീല്‍ ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് ഹര്‍ജിയുമായി ഇരുപ്രതികളും സുപ്രീം കോടതിയെ സമീപിച്ചത്. അപകടം ആകസ്മികമായി സംഭവിച്ചതാണ്. ഗൂഢാലോചനയില്ല, കൂടാതെ അപകടം വരുത്തിവെക്കണമെന്ന പൊതു ഉദ്ദേശത്തോടെ ഇരുവരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ശിക്ഷ ഇളവ് നല്‍കിയത്.