ടൗൺ കുഴിയാക്കി ജില്ലാ പഞ്ചായത്ത്. പരാതിയുമായി നാട്ടുകാർ
ഉപ്പുതറ;വളകോട് ടൗണിൽ ബസ് കാത്തിരിപ്പു കേന്ദ്രവും ആധുനിക സൗകര്യത്തോടു കൂടിയ ശൗചാലയ സമുച്ചയവും നിർമിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പാളി. ഗവ.ട്രൈബൽ ഹൈ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 20 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനോടൊപ്പം പണിയുന്ന എ.ടി.എം കൗണ്ടറിന് വാടക ഇനത്തിൽ കിട്ടുന്ന 20,000 രൂപ സ്കൂളിന്റെ പി.ടി .എ ഫണ്ടിൽ കിട്ടത്തക്ക വിധമായിരുന്നു പദ്ധതി. എന്നാൽ ഫൗണ്ടേഷനുള്ള കോൺക്രീറ്റ് തൂണുകൾ പണിയാൻ മൂന്നരയടി താഴ്ചയിൽ നാലടി വിസ്താരത്തിൽ 12 കുഴികൾ നിർമിച്ചതോടെ പരാതിയുമായി സ്കൂൾ അധികൃതർ രംഗത്തു വന്നു. തുടർന്ന് കളക്ടർ , വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എന്നിവരിൽ നിന്നും പ്രത്യേക അനുമതി വാങ്ങി പണി തുടരാൻ തീരുമാനമായി. എന്നാൽ തുടർന്ന് നിരവധി പേർ പരാതി നൽകിയതോടെ കരാറുകാരൻ ഉടമ്പടി റദ്ദു ചെയ്ത് സംരഭത്തിൽ നിന്നും പിൻമാറി. നിർമിച്ച കുഴികൾ കാടുമൂടിയ നിലയിലാണ്. കുഴി മൂടുകയോ, കാട് വെട്ടിത്തെളിക്കുകയോ ചെയ്തില്ലങ്കിൽ അപകടം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പരാതി.
തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ - വാഗമൺ റൂട്ടിലെ പ്രധാന കേന്ദ്രമാണ് വളകോട് . സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് വാഹനം കയറി മറ്റു സ്ഥലങ്ങളിലേക്കു പോകാൻ വളകോട്ടിൽ എത്തുന്നത്. ഇവർ മഴയും, വെയിലുമേറ്റ് വഴിയരികിലാണ് നിൽക്കുന്നത്. കടത്തിണ്ണകളെ അഭയം പ്രാപിക്കുന്നവരും ധാരാളമുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം പണിയണം എന്നാവശ്യപ്പെട്ട് വളകോട് യുവാ ക്ലബിന്റെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നാട്ടുകാർ അധികൃതർക്ക് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി 20 ലക്ഷം രൂപ അനുവദിച്ചു. പരാതി നിലനിൽക്കുന്നിടത്തോളം കാലം പണി തുടരാൻ കഴിയില്ലന്നും, പരാതി പിൻവലിച്ചാലുടൻ നിർമാണം നടത്തുമെന്നും ആശാ ആന്റണി അറിയിച്ചു.


