മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു : നാല് യുവാക്കൾ കട്ടപ്പനയിൽ പിടിയിലായി
മുക്കുപണ്ടം പണയപ്പെടുത്തി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ നാല് യുവാക്കൾ കട്ടപ്പനയിൽ പിടിയിലായി .പുറമേ സ്വർണ്ണം പൂശിയ ആഭരണങ്ങൾ പണയപ്പെടുത്തി കാൽക്കോടിയോളം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്
കട്ടപ്പന കാഞ്ചിയാർ പുത്തൻപുരയ്ക്കൽ റൊമാറിയോ ടോണി,മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ ഹരിദാസ്, കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ,അണക്കര അരുവിക്കുഴി സിജിൻ മാത്യു എന്നിവരാണ് പിടിയിലായത്. കട്ടപ്പന,കുമളി, അണക്കര തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിലാണ് റൊമാരിയോയുടെ നേതൃത്വത്തിൽ മുക്കുപണ്ടം പണയപ്പെടുത്തിയത്.ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന ശ്യാംകുമാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ പക്കൽ നിന്ന് പതിനഞ്ചോളം സ്വർണ്ണപ്പണയ ചീട്ടുകൾ ലഭിച്ചിരുന്നു.ഈ അന്വേഷണമാണ് പ്രധാന പ്രതി റൊമാരിയോയിൽ എത്തിച്ചത്.ഒറിജിനൽ സ്വർണ്ണാഭരണങ്ങളെ വെല്ലുന്ന തരത്തിൽ പുറമേ സ്വർണ്ണം പൂശിയാണ് റൊമാരിയോ മുക്കുപണ്ടം നിർമ്മിച്ചത്.ഇതിനായി സ്വർണ്ണപ്പണിക്കാരന്റെ സഹായം ഇയാൾ തേടി.ഒരു ആഭരണം നിർമ്മിക്കുന്നതിനായി 6500 രൂപയാണ് നൽകിയത്.ആഭരണം നിർമ്മിച്ച ശേഷം മറ്റ് പ്രതികളായ സിജിൻ , പ്രസീദ് തുടങ്ങിയവരെ ഉപയോഗിച്ച് പലയിടത്തായി സ്വർണ്ണം പണയപ്പെടുത്തുന്നതായിരുന്നു രീതി. തുടർന്ന് പണയം വയ്ക്കുന്നവർക്ക് 2000 രൂപ പ്രതിഫലവും നൽകും.ഇടുക്കിയിൽ മാത്രം ഇരുപതിൽ അധികം വ്യാപാരസ്ഥാപനങ്ങളിലായി കാൽക്കോടി രൂപയുടെ മുക്കുപണ്ടമാണ് പ്രതികൾ പണയപ്പെടുത്തിയത്.കൂടുതൽ സ്ഥലങ്ങളിൽ സംഘം മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് കട്ടപ്പന ഡിവൈ. എസ് പി വി എ നിഷാദ് മോൻ പറഞ്ഞു.
എസ്. ഐ സജിമോൻ ജോസഫ്,സിവിൽ പൊലീസ് ഓഫീസർമാരായ സിനോജ് പി ജെ,ജോബിൻ ജോസ്, അനീഷ് വി കെ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.