നാല്‍പതുകള്‍ പിന്നിട്ട സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്‌കാഡ്
സ്പൊണ്ടേനിയസ് കൊറോണറി ആര്‍ട്ടറി ഡിസ്സക്ഷന്‍
നാല്‍പതുകള്‍ പിന്നിട്ട സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്പൊണ്ടേനിയസ് കൊറോണറി ആര്‍ട്ടറി ഡിസ്സക്ഷന്‍ അഥവാ സ്‌കാഡ്. രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും പെട്ടെന്നുള്ള മരണം സംഭവിക്കാനും ഇടയാകും. രക്തധമനികളുടെ മൂന്ന് പാളികളില്‍ ഏതെങ്കിലും ഒരു പാളിയില്‍ പൊട്ടലുണ്ടാകുമ്പോള്‍ രക്തപ്രവാഹം സാവധാനത്തിലാകുകയും പൊട്ടലിനിടയിലൂടെ രക്തമൊഴുകി പാളികള്‍ക്കിടയില്‍ കട്ടപിടിക്കുകയോ ചെയ്യും. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകും. സാധാരണ ഹൃദയാഘാതത്തെ പോലെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്.
നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതമായി വിയര്‍ക്കുക, കാലുകളിലും താടിയിലും വേദന, ക്ഷീണം, ഓക്കാനം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം സ്‌കാഡിന്റെ ലക്ഷണങ്ങളാണ്. രക്തധമനികളുടെ ഭിത്തിയില്‍ ഉണ്ടാകുന്ന അസാധാരണ കോശ വളര്‍ച്ച മൂലമുണ്ടാകുന്ന ഫൈബ്രോമാസ്‌കുലാര്‍ ഡിസ്പ്ലാസിയ എന്ന അവസ്ഥയും സ്‌കാഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഒരിക്കല്‍ വന്നവര്‍ക്ക് സ്‌കാഡ് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. അതുകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുളള അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കണം.