താലൂക്ക്തല അദാലത്തുകള്‍ സമാപിച്ചു; ഇടുക്കിയില്‍ തീര്‍പ്പായത് 112 പരാതികള്‍
അദാലത്ത് വേദിയില്‍ കൈമാറിയത് 3 പട്ടയവും 14 വനാവകാശ രേഖയും
വെള്ളക്കരം കുടിശ്ശിക മുതല്‍ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വരെ പലവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ ചെറുതോണി ടൗണ്‍ഹാളില്‍ ഒട്ടേറെപ്പേരുടെ ആധികള്‍ക്ക് വിരാമമായി. പരാതിക്കാരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തും ആശ്വാസവാക്കുകള്‍ ചൊല്ലിയും ഇരുമന്ത്രിമാരും കട്ടക്ക് നിന്നപ്പോള്‍ അദാലത്ത് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലെ ഇടുക്കി ജില്ലയിലെ അവസാനത്തെ അദാലത്താണ് ചെറുതോണി ടൗണ്‍ഹാളില്‍ ബുധനാഴ്ച നടന്നത്.
ഓണ്‍ലൈനായി ലഭിച്ച 326 പരാതികള്‍ കൂടാതെ 371 പുതിയ പരാതികളും അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ചു. ഇതില്‍ 112 പരാതികള്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്ത് തീര്‍പ്പാക്കി.
ഓണ്‍ലൈനായി നേരത്തേ ലഭിച്ച പരാതികളില്‍ 157 അപേക്ഷകള്‍ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 42 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 63 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ശേഷിച്ച പരാതികളില്‍ അതിവേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ച പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം 10 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാര്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സര്‍വേ, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ. ബി, കൃഷി, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായം തേടുന്നവര്‍ മുതല്‍ ലൈഫ് പദ്ധതിയില്‍ പരിഗണിക്കണം എന്ന അപേക്ഷയുമായി എത്തിയവര്‍ വരെയുള്ള പുതിയ അപേക്ഷകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തി.
പ്രളയത്തില്‍ നശിച്ച കൃഷി ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും തകര്‍ന്ന റോഡ് നന്നാക്കാനും നടപ്പാലം നിര്‍മിക്കാനും അങ്കണവാടിക്ക് കെട്ടിടം ആവശ്യപ്പെട്ടും എത്തിയവരും വനഭൂമിയിലൂടെ വഴി അനുവദിക്കാത്തതിന് പരാതി പറഞ്ഞും മുച്ചക്ര സ്‌കൂട്ടറും ലൈഫ് ഭവനവും ആവശ്യപ്പെട്ടവരുമൊക്കെയായി വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങളാണ് അദാലത്തിലെത്തിയത്. രാവിലെ പത്തോടെ അദാലത്ത് നടന്ന ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ എത്തിയ രണ്ട് മന്ത്രിമാരും അപേക്ഷകര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട് തീരുമാനമെടുത്തശേഷമാണ് മടങ്ങിയത്. രാവിലെ പത്തിന് ആരംഭിച്ച അദാലത്ത് ഇടവേള ഇല്ലാതെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചത്.
പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ക്കായി റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, കൃഷി, വിദ്യാഭ്യാസം, രജിസ്ട്രേഷന്‍, ഫിഷറീസ്, വാട്ടര്‍ അതോറിറ്റി, ലേബര്‍, പട്ടികജാതി പട്ടിക വര്‍ഗ വികസനം, വനം, മൃഗസംരക്ഷണം, സാമൂഹിക നീതി വകുപ്പ്, സര്‍വേ, കെ.എസ്.ഇ.ബി തുടങ്ങിയവ അടക്കം വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ രാവിലെ 9 മണിയോടെ തുറന്നിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. അദാലത്തിലെത്തിയവര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണം എന്നിവക്കും വേദിയില്‍ സംവിധാനം ഒരുക്കിയിരുന്നു.
ഉദ്ഘാടന ചടങ്ങിനൊടുവില്‍ ലളിത ശിവന്‍ അമ്പലപ്പറമ്പില്‍, ഓമന ഗോപി ചിറകണ്ടത്തില്‍, ഓമന ചന്ദ്രന്‍ കുടിലിമറ്റത്തില്‍ എന്നിവര്‍ക്ക് മന്ത്രിമാര്‍ ചേര്‍ന്ന് പട്ടയം നല്‍കി. തുടര്‍ന്ന് 7 പേര്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖ വിതരണം ചെയ്തു. അദാലത്തില്‍ പൂര്‍ണമായി തീര്‍പ്പാക്കിയ പരാതിക്കാര്‍ക്കുള്ള മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയും അദാലത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേദിയില്‍ വെച്ച് നല്‍കി.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ. പി, ജോളി ജോസഫ്, ഇടുക്കി തഹസില്‍ദാര്‍ ജോളി പി മാത്യു, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇടുക്കി താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും മീഡിയാ സെന്ററും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു.