കുടിവെള്ളക്ഷാമം നേരിടുന്ന കോവിൽ മലയിൽ നിറയെ വെള്ളവുമായി ജനങ്ങൾക്ക് പ്രയോജനപ്പെടാതെ ഒരു ചെക്ക്ഡാം .
25 വർഷം മുമ്പ് കോവിൽമല രാജപുരത്തുള്ള ആദിവാസി കർഷകർക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി നിർമ്മിച്ചതാണ് ചെക് ഡാം. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചെക്ക് ഡാം ആർക്കും പ്രയോജനപ്പെട്ടില്ല. ചെക്ക് ഡാം കുടിവെള്ള പദ്ധതിയായി ഉയർത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.
അശാസ്ത്രീയമായ നിർമ്മാണം മൂലം സർക്കാർ ഉദ്യോഗസ്ഥർ ഫണ്ട് എങ്ങനെ ദുർവ്വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് കോവിൽ മലയിലെ ചെക്ക് ഡാമും കനാലും. 25 വർഷങ്ങൾക്ക് മുമ്പ് കോവിൽ മലയിൽ ജലസേചന വകുപ്പ് ആദിവാസികളുടെ കുടിവെള്ളം പ്രശ്നം പരിഹരിക്കാനും കൃഷിക്കുമായാണ് ചെക്ക് ഡാമും മിനി കനാലും നിർമ്മിച്ചത്. ചെക്ക് ഡാമിൽ വെള്ളം നിറച്ച് ഇതിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം കനാലിലൂടെ ആദിവാസി കർഷകരുടെ കൃഷിയിടത്തിലെത്തിക്കുകയും ഇതിലൂടെ കർഷകർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിൽ വെള്ളത്തിന്റെ അളവ് നിലനിർത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകിയ വെള്ളത്തിൽ ഒരു തുള്ളി പോലും കനാലു വഴി ഒഴുകിയില്ല. വെള്ളം മറ്റ് വഴികളിലൂടെ ഒഴുകി നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ തയ്യാറാകാത്തതിനാൽ ഇന്നും ഈ അവസ്ഥയിൽ തുടരുകയാണ്. കോവിൽ മലയിലെ ആദിവാസി കുട്ടികൾക്ക് കുളിക്കാനും നീന്തൽ പരിശീലനത്തിനും മാത്രമായിത് മാറി. കോവിലമല രാജപുരം, ഇല്ലിക്കൽമേട്, പാമ്പാടിക്കുഴി പ്രദേശങ്ങൾ മഴക്കാലമോ വേനൽക്കാലമോ വ്യത്യാസമില്ലാതെ വരുതിയിലാണ്. മഴക്കാലത്ത് മഴവെള്ളത്തെ ആശ്രയിക്കാമെങ്കിലും വേനലിൽ വെള്ളം വില കൊടുത്ത് വാങ്ങുന്ന അവസ്ഥയിലാണ്. ഈ അവസ്ഥയിൽ ആദിവാസികൾ ദുരിതമനുഭവിക്കുമ്പോഴാണ് ലിറ്റർ കണക്കിന് വെള്ളം ഓരോ ദിവസവും ചെക്ക്ഡാമിലൂടെ നഷ്ടമാവുന്നത്. ശക്തമായ മഴ പെയ്താൽ ചെക്ക് ഡാമിലൂടെ വെള്ളം ക്രമതീതമായി പുറത്തേക്ക് ഒഴുകുന്നതിനാൽ താഴ്‌വാരങ്ങളിലുള്ളവരുടെ കൃഷിയും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇതിനൊക്കെ പരിഹാരമായി ചെക്ക്ഡാമിലെ വെള്ളം ഉപയോഗിച്ച് ഒരു കുടിവെള്ള പദ്ധതി ആവിഷ്കരിച്ചാൽ കോവിൽ മലയിലെ ജനങ്ങൾക്ക് മുഴുവൻ കുടിവെള്ളമെത്തിക്കാൻ കഴിയും. ഇതിനായി പലതവണ നിവേദനം നൽകിയിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെക്ക്ഡാം പ്രയോജനപ്പെടുത്താൻ അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് ആദിവാസി സമൂഹം ആവശ്യപ്പെടുന്നത്.