വണ്ടിപ്പെരിയാർ വളളക്കടവ് ജനവാസ മേഖല കടുവാ ഭീതിയിൽ. രണ്ട് കടുവകൾ ജനവാസ മേഖലയിലെത്തി
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലാണ് രണ്ട് കടുവകൾ ഇറങ്ങിയത്. വള്ളക്കടവ് പ്ലാമൂടിന് സമീപം ഇന്നലെ രാത്രി 7.30 ഓടെയും പിന്നീട് 10 മണിയോടുകൂടിയും കടുവകളെ കണ്ടതായി നാട്ടുകാർ പറയുന്നു
പ്രദേശത്ത് കടുവകളുടെ സാന്നിധ്യമുണ്ടായതോടെ നാട്ടുകാർ ഭീതിയിലാണ്. കടുവകളെ കണ്ടതായി വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും വനപാലകരും വണ്ടിപ്പെരിയാർ പോലീസും എത്തി. നാട്ടുകാർ ബഹളം വച്ചതോടെ കടുവകൾ വനത്തിനുള്ളിലേക്ക് കയറി പോവുകയായിരുന്നു. തുടർന്ന് രാവിലെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തിയതിൽ കടുവയുടെ കാൽപാടുകളും കണ്ടെത്തി.