ശാസ്ത്രീയമായ കൃഷി രീതി പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കര്‍ഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ അഭിവൃദ്ധിക്ക് കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കല്‍ അനിവാര്യമാണ്. കൃഷിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനു കര്‍ഷകരെ സജ്ജരാക്കാന്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. തരിശുഭൂമികള്‍ വീണ്ടെടുത്ത് കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നഗരസഭയിലെ മികച്ച കര്‍ഷകരെ ആദരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ തകരപ്പറമ്പില്‍ രാഘവന്‍, മികച്ച കര്‍ഷകന്‍ പുത്തന്‍പുരയ്ക്കല്‍ ശിവദാസ് ബാബു, യുവകര്‍ഷകന്‍ കല്ലുകുളങ്ങര ഡൊമിനിക് വര്‍ഗീസ്, ഉത്തമ കര്‍ഷക കുടുംബം പാറക്കല്‍ സന്തോഷും കുടുംബവും, മികച്ച ജൈവ കര്‍ഷകന്‍ മങ്ങാട്ട് വര്‍ക്കി തോമസ്, വനിതാ കര്‍ഷക കൊല്ലംപറമ്പില്‍ ആനന്ദവല്ലി, എസ്.സി കര്‍ഷക വലിയപറമ്പില്‍ പൊന്നമ്മ കുമാരന്‍, വിദ്യാര്‍ഥി കര്‍ഷകന്‍ വേഴപ്പറമ്പില്‍ ഡൊണാള്‍ഡ് ജോസ്, വിദ്യാര്‍ഥിനി കര്‍ഷക സ്നേഹസദന്‍ സ്പെഷ്യല്‍ സ്‌കൂളിലെ അമ്പിളി എ, കര്‍ഷകത്തൊഴിലാളി പുത്തന്‍പുരക്കല്‍ വിജയന്‍ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും മെമെന്റോ സമ്മാനിക്കുകയും ചെയ്തു.
നഗരസഭ വൈസ് പ്രസിഡന്റ് ജോയ് ആനിത്തോട്ടം, നഗരസഭാ അംഗങ്ങളായ ജാന്‍സി ബേബി, മനോജ് മുരളി, സിബി പാറപ്പായില്‍, ലീലാമ്മ ബേബി, ഐബി മോള്‍ രാജന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സെലീനാമ്മ കെ പി, കൃഷി ഓഫീസര്‍ ആഗ്നസ് ജോസ്, ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷക സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.