സ്പെയിനിലെ ട്രെയിൻ അപകടം: മരണം 40 ആയി
സ്പെയിനില്‍ പാളം തെറ്റിയ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയില്‍ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തില്‍ 72 പേർക്ക് പരിക്കേറ്റതായും ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയില്‍ സർവീസുകളും താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്

