ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ
ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ. ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറയുന്നത്. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു.