ഇടുക്കിയെ മിടുക്കിയാക്കാന്‍ അക്ഷരോന്നതി
ഇടുക്കി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികളില്‍ പുസ്തകങ്ങളും, വായനാ സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ ജി എസ് എ പദ്ധതിയുടെ ഐ ഇ സി ഘടകത്തില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് അക്ഷരോന്നതിയുടെ ലോഗോ തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
കേരളം വിവിധ സാമൂഹിക സൂചികകളില്‍ മുന്‍പന്തിയിലാണെങ്കിലും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുന്നുണ്ട്. ഈ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്ക്, അവരുടെ ഉള്ളില്‍ നിന്നുതന്നെ മാറ്റങ്ങള്‍ വരേണ്ടത് അനിവാര്യമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അവരവരുടെ സമുദായങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമായതെന്ന് കാണാം. ഈയൊരു പശ്ചാത്തലത്തിലാണ് അക്ഷരോന്നതി എന്ന ആശയം പ്രസക്തമാകുന്നത്. വിദ്യാര്‍ത്ഥികളുടെ സമയവും കഴിവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയായി അവരെ മാറ്റുകയാണ് ഈ പദ്ധതിയുടെ കാതല്‍.
തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിസ് ജി, ആര്‍.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജര്‍ ബോണി സാലസ്, ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട് അഖിലേഷ് അയ്യപ്പന്‍, ആര്‍.ജി.എസ്.എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



