അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചു, സ്വകാര്യ ഇടങ്ങളില്‍ മോശം ഉദ്ദേശത്തോടെ തൊട്ടു'; വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഹിമാചല്‍ പ്രദേശില്‍ സർക്കാർ കോളേജില്‍ റാഗിങ്ങിനും ക്രൂരമർദനത്തെയും തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായി വിദ്യാർത്ഥിയുടെ മൊഴി. പ്രൊഫ അശോക് കുമാർ സ്വകാര്യ ഇടങ്ങളില്‍ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴി. വിദ്യാർത്ഥിക്കൊപ്പം ആദ്യ വർഷത്തില്‍ പഠിച്ചവരാണ് കേസില്‍ പ്രതിചേർത്ത മൂന്ന് പേരും. മരിച്ച വിദ്യാർത്ഥി ഒന്നാം വർഷം തോറ്റിരുന്നു. ബി എൻ എസ് 75,115(2), 3(5), റാഗിംഗ് വിരുദ്ധ നിയമം എന്നീ വകുപ്പുകള്‍ പ്രതികള്‍ക്ക് എതിരെ ആണ് ചുമത്തിയത്. പീഡനം താങ്ങാനാകാതെ മകള്‍ വിഷാദരോഗി ആയെന്ന് അച്ചൻ്റെ പരാതിയില്‍ പറയുന്നു. സെപ്റ്റംബർ 18 ന് കോളേജില്‍ വച്ച് കുപ്പിക്കൊണ്ട് തലയ്ക്ക് അടിച്ചു.
മുടി മുറിച്ചു എന്നും പരാതിയില്‍ പറയുന്നു. അതേ സമയം, സംഭവ ശേഷം പെണ്‍കുട്ടി 7 ആശുപത്രികളില്‍ ചികിത്സ തേടി എന്ന് പൊലീസ്.ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് പൊലീസിന് പരാതി കിട്ടിയത്. മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിദ്യാർത്ഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികള്‍.
മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയില്‍ വിദ്യാർത്ഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ലുധിയാനയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ധരംശാലയിലെ ഗവണ്‍മെൻ്റ് കോളേജില്‍ ബിരുദ വിദ്യാർത്ഥിയായിരുന്നു. അതിജീവിതയുടേതായി പുറത്തുവന്ന വീഡിയോയില്‍ അധ്യാപകൻ്റെ മോശം പെരുമാറ്റം, സഹപാഠികളായ പെണ്‍കുട്ടികളുടെ മോശം പെരുമാറ്റവും വിവരിക്കുന്നുണ്ട്. മകളുടെ ദുരവസ്ഥയില്‍ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നല്‍കാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.





