തൊടുപുഴയിലെ ബീഫ് സ്റ്റാളുകളിൽ ഹെൽത്ത് സ്‌ക്വാഡ് പരിശോധന
തൊടുപുഴ നഗരപരിധിയിലുള്ള ബീഫ് സ്റ്റാളുകളിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇറച്ചിവെട്ടൽ കേന്ദ്രങ്ങളിൽ മലിനജലമൊഴുക്കി വിടുന്നതും വൃത്തിഹീനമായി ഇറച്ചികൾ പുറത്തുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയത്. ലൈസൻസ് ഇല്ലാത്ത ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ എൻ എച്ച് പ്രജീഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.