ഇടുക്കിയിൽ കാർഷിക വിപ്ലവത്തിന് തുടക്കമിട്ട് പിണറായി സർക്കാർ: ലോവർ ചട്ട മൂന്നാർ ഡാമിന് ഭരണാനുമതി

Mar 2, 2026 - 18:48
 0
ഇടുക്കിയിൽ കാർഷിക വിപ്ലവത്തിന് തുടക്കമിട്ട് പിണറായി സർക്കാർ: ലോവർ ചട്ട മൂന്നാർ ഡാമിന് ഭരണാനുമതി
This is the title of the web page

തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ കാർഷിക-കുടിവെള്ള മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പട്ടിശ്ശേരി ഡാമിന് പിന്നാലെ ലോവർ ചട്ട മൂന്നാർ ഡാമിനും സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

കാവേരി ട്രിബ്യൂണൽ ഉത്തരവ് പ്രകാരം കേരളത്തിന് അനുവദിക്കപ്പെട്ട ജലം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പാമ്പാർ നദിയിൽ നിർമ്മിക്കുന്ന അണക്കെട്ടാണ് ലോവർ ചട്ട മൂന്നാർ ഡാം. കഴിഞ്ഞ ദിവസം കാന്തല്ലൂരിൽ പട്ടിശ്ശേരി ഡാമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതിന് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

102 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. 0.78 ടി.എം.സി (780 ദശലക്ഷം ഘനയടി) സംഭരണശേഷിയാണ് ഡാമിന് വിഭാവനം ചെയ്തിട്ടുള്ളത്. 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. മറയൂർ, കാന്തല്ലൂർ മേഖലകളിലെ ഏകദേശം 12,000 കർഷകർക്ക് ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും. ഇതോടൊപ്പം 1057 ഹെക്ടർ പ്രദേശത്ത് ജലസേചനം ഉറപ്പാക്കുന്നതിലൂടെ കരിമ്പ്, നെല്ല്, പച്ചക്കറി, നിലക്കടല കൃഷികൾക്ക് വലിയ തോതിൽ സഹായകമാകും. നിരവധി കുടിവെള്ള പദ്ധതികൾക്കും പദ്ധതി ഗുണകരമാകും. 

അർഹമായ ജലം വിനിയോഗിക്കുന്നതിൽ കേരളം കാണിക്കുന്ന ശുഷ്കാന്തിയുടെ അടയാളമാണ് ഈ ഡാമുകൾ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പട്ടിശ്ശേരി ഡാം യാഥാർത്ഥ്യമായതോടെ കാന്തല്ലൂർ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി. തൊട്ടുപിന്നാലെ ലോവർ ചട്ട മൂന്നാർ പദ്ധതിക്ക് ഭരണാനുമതി നൽകിയതിലൂടെ ഇടുക്കിയുടെ കിഴക്കൻ മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇതിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഭരണാനുമതി നൽകാൻ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ചാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ലോവർ ചട്ട മൂന്നാർ ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow