മുരിക്കട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നാടൻ പലഹാര പ്രദർശനം
കട്ടപ്പന ;മുരിക്കട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം, വിദ്യാർത്ഥികൾക്കായി നാടൻ ഭക്ഷണ പാരമ്പര്യത്തെ പുതുക്കി പരിചയപ്പെടുത്തുന്ന സമൃദ്ധമായ നാടൻ പലഹാര പ്രദർശനം നടത്തി.
കപ്പ, കാന്താരി ചമ്മന്തി , കള്ളപ്പം, ഇടിയപ്പം, വട്ടയപ്പം, നെയ്യപ്പം, പാലപ്പം, കുഴലപ്പം, ഉണ്ണിയപ്പം, കൊഴുക്കട്ട, പുട്ട്, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി നാല്പതിൽ പരം നാടൻ പലഹാരങ്ങൾ വിദ്യാർത്ഥികൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും, ഓരോ വിഭവത്തിന്റെയും രുചിയും ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള അവതരണം നടത്തുകയും ചെയ്തു.
പഠനപാഠങ്ങളെ പ്രായോഗികമാക്കുന്ന ലക്ഷ്യത്തോടെ ഒന്നാം ക്ലാസിലെ ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠത്തെയും, മൂന്നാം ക്ലാസിലെ ‘ആഹാരവും ആരോഗ്യവും’ എന്ന പാഠത്തെയും ആസ്പദമാക്കിയാണ് പ്രവർത്തനം സംഘടിപ്പിച്ചത്. ഭക്ഷണത്തിന്റെ ആരോഗ്യകാര്യങ്ങൾ, ശുചിത്വം, പോഷകമൂല്യങ്ങൾ എന്നിവ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസിലാക്കാനായ ഒരു മികച്ച അവസരമായി ഇത് മാറുകയും നാടൻ ഭക്ഷണങ്ങളോടുള്ള പുതുതലമുറയുടെ ബന്ധം ഊട്ടിയുറപ്പിക്കാനും , ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ മനസിലാക്കാൻ കഴിഞ്ഞതുമായ ഈ പ്രദർശനം കുട്ടികളുടെ സമഗ്രവികസനത്തിന് ഒരു മാതൃകയാണെന്ന് എന്ന് അധ്യാപിക ലിൻസി ജോർജ് അഭിപ്രായപ്പെട്ടു.
അദ്ധ്യാപിക രമ്യ ടി. നായരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ പാലപ്പം ചുട്ട് ഒരുമയോടെ കഴിച്ചത് , കുട്ടികൾക്ക് ആവേശഭരിതമായ ഒരു അനുഭവമായി.
പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവൽ ,അധ്യാപകരായ ലിൻസി ജോർജ് ,രമ്യ ടി നായർ ,സിസി ജോൺ കെ എന്നിവർ നേതൃത്വം നൽകി.










