വാഗമണ്ണില്‍ വന്‍ ലഹരി വേട്ട. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും, കഞ്ചാവുമായി യുവാവിനെയും യുവതിയേയും പീരുമേട് എക്‌സൈസ് സംഘം പിടികൂടി
വാഗമണ്ണില്‍ വന്‍ ലഹരി വേട്ട. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും, കഞ്ചാവുമായി യുവാവിനെയും യുവതിയേയും പീരുമേട് എക്‌സൈസ് സംഘം പിടികൂടി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വാഗമണ്ണില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവണ്‍ താര എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരുടെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം എം.ഡി.എം.എയും, 2.970 ഗ്രാം ഹാഷിഷ് ഓയിലും, 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍പും ഇവര്‍ക്കെതിരെ സമാനമായ കേസുകള്‍ ഉള്ളതായി എക്‌സൈസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉടനീളം സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍രാജ് പറഞ്ഞു.
ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മിഥുന്‍ വിജയ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജകുമാര്‍ ബി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.








