വർധിപ്പിച്ച ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ ; ഒരാൾക്ക് 3600 രൂപവീതം ലഭിക്കും
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.
നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.
പ്രഖ്യാപനങ്ങൾ നവംബർ ഒന്നുമുതൽ നിലവിൽവരുമെന്ന സർക്കാരിന്റെ ഉറപ്പ് ഓരോന്നായി നടപ്പാക്കപ്പെടുകയാണ്. ഈ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഈ മാസത്തെ 2000 രൂപയുമുൾപ്പെടെ 3600 രൂപ ഒരുമിച്ചുകിട്ടുന്നതിന്റെ സന്തോഷത്തിലാണ് 63,77,935 ഗുണഭോക്താക്കൾ. കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്.
ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ നാമമാത്രമായ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്.








