ഇടുക്കി ജില്ലാ പഞ്ചായത്ത്;കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധികരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അധ്യക്ഷതയിൽ ചെറുതോണിൽ ചേർന്ന പാർട്ടി നേതൃയോഗമാണ് പട്ടിക അംഗീകരിച്ച് പ്രസിദ്ധീകരിച്ചത്.ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷൻ - അഡ്വ എം എം മാത്യു മച്ചുക്കാട്ട് ,വണ്ടൻമേട് ഡിവിഷൻ -ഷൈനി ജോസഫ് നെയ്തേലിൽ (ഷൈനി ടീച്ചർ),തോപ്രാംകുടി ഡിവിഷൻ - സൂസമ്മ ജോസഫ് കാരിമറ്റത്തിൽ (സൂസമ്മ ടീച്ചർ),മൂലമറ്റം ഡിവിഷൻ - ഷാനി ബെന്നി പാമ്പയ്ക്കൽ (ഷാനി ടീച്ചർ) എന്നിവരാണ് മത്സരിക്കുന്നത് .
സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിനത്തിലും ഉണ്ടായ മുന്നേറ്റം എന്നിവ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് സഹായകരമാകുമെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷകാലം ഇടുക്കി ജില്ലയിൽ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളും വിജയത്തിന് കുതിപ്പേകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ രാരിച്ചൻ നീറാണംകുന്നേൽ പറഞ്ഞു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ,ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലെ വിവിധ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തീകരിച്ചെന്നും വരുന്ന ദിവസങ്ങളിൽ തന്നെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാർട്ടി പൂർണമായും സജ്ജമാണെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. യോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാർ ,ജില്ലാ ഭാരവാഹികൾ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ,പാർട്ടി സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു






