മൂന്നാറിലെ ടാക്സി ഡ്രൈവർമാർ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പോലീസുകാരെ സസ്പെൻ്റ് ചെയ്തു
ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തതിന് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പോലീസുകാരെ സസ്പെൻ്റ് ചെയ്തു. മൂന്നാർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ക്കും ഗ്രേഡ് എസ് ഐ ക്കും എതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. മുംബൈ സ്വദേശി ജാൻവി എന്ന യുവതിയാണ് ഒക്ടോബർ 30 നു മൂന്നാർ സന്ദർശനവേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തെത്തിയത്.
എന്നാൽ മൂന്നാർ കവാടത്തിൽ വെച്ച് തന്നെ ജാൻവിയുടെ കാർ അഞ്ച് പേര് അടങ്ങുന്ന സംഘം തടഞ്ഞ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനം ഉണ്ടെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് കാട്ടി ഭീഷണിപ്പെടുത്തിയാണ് വിനോദസഞ്ചാരിയെ പുറത്തിറക്കിയത് .ഈ സമയം സഹായത്തിനായി വിളിച്ച പോലീസ് സ്ഥലത്തെത്തി നോക്കുകുത്തികളയെന്നും ടാക്സി യൂണിയനൊപ്പം നിലപാട് എടുത്തെന്നുമാണ് ജാൻവിയുടെ പരാതി.




