ജില്ലാ ക്ഷീരകര്‍ഷക സംഗമം ഒക്ടോബർ 24, 25, തീയതികളില്‍

ജില്ലാ ക്ഷീരകര്‍ഷക സംഗമം ഒക്ടോബർ 24, 25, തീയതികളില്‍ ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. 24ന് രാവിലെ ഒമ്പതിന് ഡയറി എക്‌സ്‌പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനംചെയ്യും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനാകും. 9.30ന് ക്ഷീര സംഘം പ്രതിനിധികള്‍ക്കായി സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനംചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷയാകും. 10 മുതല്‍ ക്ഷീര സംഘങ്ങളിലെ ആദായനികുതി കണക്കാക്കല്‍ എന്ന വിഷയത്തില്‍ സെമിനാര്‍, കണ്ണൂര്‍ ഐസിഎം ഡയറക്ടര്‍ ഡോ. എ കെ സക്കീര്‍ ഹുസൈന്‍ വിഷയം അവതരിപ്പിക്കും. രണ്ടുമുതല്‍ ഡയറി ക്വിസ്, മൂന്നിന് ഇരട്ടയാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കായിക മത്സരങ്ങള്‍, ആറിന് കലാസന്ധ്യ.
25ന് രാവിലെ ഒമ്പതിന് പാല്‍ ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശനവും വിപണനവും, 10ന് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരസംഗമവും ജില്ലാ, ബ്ലോക്ക് ക്ഷീര പദ്ധതികളും ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, പി ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
മികച്ച ക്ഷീരകര്‍ഷകന്‍ കമ്പംമെട്ട് വാണിയപ്പുരയ്ക്കല്‍ ജിന്‍സ് കുര്യന്‍, മികച്ച ക്ഷീര കര്‍ഷക ചെല്ലാര്‍കോവില്‍ കമ്പിയില്‍ മോളി ലാലച്ചന്‍, മികച്ച എസ് ടി-എസ്ടി കര്‍ഷകന്‍ ഇളദേശം നോമ്പ്രയില്‍ മനോജ് തങ്കപ്പന്‍, മികച്ച യുവ കര്‍ഷകന്‍ ഇളംദേശം ചാമക്കാലായില്‍ ദീപക് ജോസ്, മികച്ച ക്ഷീരകര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ നെടുങ്കണ്ടം താന്നിവീട്ടില്‍ ടി എസ് എവിമോന്‍, കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘമായ ചെല്ലാര്‍കോവില്‍ ആപ്‌കോസ് എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ് സുനില്‍കുമാര്‍, പി ശ്രീജിത്ത്, കെ കെ ജയന്‍, ജോസുകുട്ടി അരീപ്പറമ്പില്‍, എബ്രഹാം ജോസഫ്, എം ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.