തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച ജൈവവേലികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ഇവിടം. പുത്തൻപാലം ഈറ്റോക്കവല റോഡിൻറെ ഇരുവശങ്ങളിലുമാണ് തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തി ജൈവവേലികൾ നിർമ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ജൈവവേലി നിർമ്മാണം മൂന്നു ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. പണി പൂർത്തിയാക്കിയ ഉടനെയാണ് സാമൂഹിക വിരുദ്ധ രാത്രിയുടെ മറവിൽ ജൈവവേലികൾ പിഴുത് കളഞ്ഞത്.
പണികൾ പൂർത്തിയാക്കി തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൈറ്റ് സന്ദർശിച്ച് റിപ്പോർട്ട് എടുക്കുന്നതിന് മുൻപേയാണ് ജൈവവേലികൾ നശിപ്പിക്കപ്പെട്ടത്. ഇത് ഈ പണി ഏർപ്പെട്ട തൊഴിലാളികളുടെ കൂലി അടക്കം ലഭിക്കുന്നതിന് പ്രതിസന്ധി നേരിടും. പത്തോളം തൊഴിലാളികളുടെ മൂന്ന് ദിവസത്തെ അധ്വാനമാണ് വൃഥായായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഇവർ പറയുന്നു. വളരെ ദൂരെ നിന്നും ജൈവവേലിക്ക് ആവശ്യമായ വസ്തുക്കൾ കൊണ്ടുവന്നാണ് സ്ഥാപിച്ചത്. ജൈവവേലികൾ പിഴുത് മാറ്റി സമീപത്തെ തോട്ടിലേക്ക് ഇട്ടിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ഈ പ്രവർത്തിയിൽ വലിയ പ്രതിഷേധമാണ് ഇടയാക്കിയിരിക്കുന്നത്.
നെടുങ്കണ്ടം പോലീസിലും തൊഴിലുറപ്പ് ഓഫീസിലും തൊഴിലുറപ്പ് തൊഴിലാളികൾ പരാതി നൽകി. പ്രായമായവരും അവശത അനുഭവിക്കുന്നവരുമായ സ്ത്രീകളും പുരുഷന്മാരും അടക്കമാണ് തൊഴിലുറപ്പിൽ ഉണ്ടായിരുന്നത്.