ആരോഗ്യ,വിദ്യാഭ്യാസ,ഗതാഗത രംഗത്തെ മാറ്റം വ്യക്തമാക്കുന്നത് നാടിന്റെ വികസനം : മന്ത്രി റോഷി അഗസ്റ്റിന്‍

ആരോഗ്യ രംഗത്തെ മാറ്റം, വിദ്യാഭ്യാസ രംഗത്തെ പുരോഗതി, ഗതാഗത- അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ച ഇവയെല്ലാം വ്യക്തമാക്കുന്നത് നാടിന്റെ വികസനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിര്‍മ്മാണം പൂര്‍ത്തികരിച്ച പാറത്തോട് വിപണി-ഇരുമലകപ്പ് ചെമ്പകപ്പാറ റോഡിന്റെയും ഇഞ്ചത്തൊട്ടി-മങ്കുവ-ചിന്നാര്‍ റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ നാട് വലിയ പുരോഗതി കൈവരിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഹൈടെക്ക് കെട്ടിടങ്ങളും ഇതിന് ഉദാഹരണമാണ്. കാലക്രമേണ ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിക്കും. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള മെഡിക്കല്‍ കോളേജുകളുടെ ഭൗതിക സൗകര്യങ്ങളോട് എട്ട് വര്‍ഷം മാത്രമായ മെഡിക്കല്‍ കോളേജിനെ താരതമ്യപ്പെടുത്തരുത്.
ഇടുക്കിയുടെ ടൂറിസം വികസനം ലക്ഷ്യം വച്ച് ആര്‍ച്ച്ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ഷോ, ഇടുക്കിയില്‍ മള്‍ട്ടിപ്ലക്സ് തീയറ്റര്‍, ഇറിഗേഷന്‍ മ്യൂസിയം, കുടിയേറ്റ സ്മാരകം തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലാ ആസ്ഥാനത്ത് ടൂറിസം രംഗത്ത് മാത്രം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍, മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബ്, നേഴ്സിംഗ് കോളേജ്, തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ച് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
ഇടുക്കിയെ സംബന്ധിച്ചടത്തോളം എക്കാലത്തെയും പ്രശ്നം ഭൂനിയമങ്ങളാണ്. എല്ലാ സംഘടനകളും സംയുക്തമായി ആവശ്യപ്പെടുന്നത് ഭൂപ്രശ്നങ്ങള്‍ക്ക് ശ്വാശതമായ പരിഹാരമാണ്. 1960ലെ ഭൂപതിവ് നിയമ പ്രകാരം വീട് വയ്ക്കാനും കൃഷിക്കുമാണ് പട്ടയങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് കാണിച്ച് പ്രകൃതി സ്നേഹികള്‍ കോടതിയെ സമീപിച്ചതോടെ ഭൂവിഷയത്തില്‍ നിയമ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ക്രമവിരുദ്ധമായി ചെയ്തു എന്നു പറയുന്ന പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍കരിക്കാന്‍ നിയമമില്ല.
അത് ക്രമവല്‍കരിക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് നിയമസഭയാണ്. നിരവധി ചര്‍ച്ചകളിലൂടെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് ഭൂഭേദഗതി നിയമം പാസാക്കിയത്. ക്രമവല്‍കരിക്കാന്‍ നിയമം രൂപികരിച്ചതോടെ അത് ഉടമസ്ഥന്റെ അവകാശമായി മാറി. വീടും കൃഷിയും മാത്രമാണെങ്കില്‍ ക്രമവല്‍ക്കരിക്കേണ്ട ആവശ്യമില്ല. 3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള നിര്‍മ്മിതികള്‍ ഫീസ് അടച്ച് ക്രമവല്‍ക്കരിക്കാന്‍ സാധിക്കും.
ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സൗജന്യമായി ക്രമവല്‍ക്കരിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ബില്‍ പാസാക്കി ഇടുക്കിയിലെ ജനതയെ അധിവസിപ്പിച്ചതാണ് തന്റെ രാഷ്ട്രീയ പൊതുജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നെന്നും മന്ത്രി പറഞ്ഞു.
പാറത്തോട് വിപണി-ഇരുമലകപ്പ്-ചെമ്പകപ്പാറ റോഡിന് 5 കോടി രൂപ ചെലവില്‍ 1.400 കിലോമീറ്റര്‍ ദൂരമാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ചിന്നാര്‍-മങ്കുവ-പനംകൂട്ടി പൊതുമരാമത്ത് റോഡിന്റെ ഭാഗമായ ഇഞ്ചത്തൊട്ടി മുതല്‍ ചിന്നാര്‍ ആറടിക്കെട്ട് ഡാം സമീപം വരെ രണ്ട് കി.മീ ദൂരം 5 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
യോഗങ്ങളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ ടി.പി മല്‍ക്ക, സുമംഗല വിജയന്‍, മേരി ജോര്‍ജ്, റ്റി.കെ കൃഷ്ണന്‍കുട്ടി, റാണി പോള്‍സണ്‍, അനീഷ് ബാലന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.