മൂലമറ്റത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പുതുക്കി നിര്‍മിക്കാന്‍ 5 കോടി: മന്ത്രി റോഷി
മൂലമറ്റത്ത് കെഎസ്ആര്‍ടിസി പുതിയ ബസ് ടെര്‍മിനലും അതോടനുബന്ധിച്ചുള്ള ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിര്‍മാണത്തിനായി 5 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ബസ് ടെര്‍മിനലിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി നല്‍കിയിരുന്നു.
ചുറ്റുമതിലും സ്റ്റാന്‍ഡിനുള്ളില്‍ കോണ്‍ക്രീറ്റിങും ഉള്‍പ്പെടുന്നതാണ് നിര്‍മാണ പ്രവര്‍ത്തനം. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും കലക്്ഷനുള്ള ഡിപ്പോകളില്‍ ഒന്നാണ് മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോ. ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നതോടെ മൂലമറ്റത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക്് പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കും.
ബസ് ടെര്‍മിനലിന് പുറമേ ഓഫീസും ഷോപ്പിങ് കോംപ്ലക്‌സും അടങ്ങുന്നതാകും പുതിയ കെട്ടിടം. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും റിഫ്രഷ് ആകാനുള്ള സൗകര്യവും കെട്ടിടത്തിലുണ്ടാകും. ഓഫീസ് കെട്ടിടത്തിന് പിന്‍ഭാഗത്ത് കൂടി ഒഴുകുന്ന തോടിന്റെ കര ജലവിഭവ വകുപ്പ് മുഖേന കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
ജില്ലയില്‍ ആദ്യകാല സബ് ഡിപ്പോകളിലൊന്നാണ് മൂലമറ്റം ഡിപ്പോ. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ മൂലമറ്റത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നും മന്ത്രി റോഷി പറഞ്ഞു.








