ഇരട്ടയാർ നാല് സെൻറ് കോളനിയിലെ കുടുംബങ്ങൾ പ്രതിസന്ധിയിൽ; ശാന്തി ഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സ്കൂളിൻറെ പരിസരത്ത് എടുത്തിട്ട മണ്ണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് 4 സെൻറ് കോളനിയിലെ വീടുകളുടെ പരിസരത്തും റോഡിലും
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ മഴയാണ് ഇരട്ടയാർ മേഖലയിൽ ഉണ്ടായത്. ഈ മഴയിൽ ഉണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിലാണ് ഇരട്ടയാർ നാലു സെൻറ് കോളനിയിലെ വീട്ടുടമകളെ പ്രതിസന്ധിയിലാക്കിയത്. ഈ കോളനിക്ക് മുകൾ ഭാഗത്താണ് ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്കൂളിൻറെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുകയാണ്.
ഇതിൻറെ ഭാഗമായി സ്കൂളിന് സമീപത്തായി കരാറുകാരൻ എടുത്തിട്ട മൺകൂനയാണ് മഴവെള്ളപ്പാച്ചിലിൽ ഒഴുകി താഴെ കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൃഷിയിടങ്ങളിലൂടെയും വീടുകളുടെ പരിസരത്തും റോഡ് അരികിലും വ്യാപിച്ചത്. ആദ്യം ഉരുൾ പൊട്ടുന്നതാണെന്ന ആശങ്കയാണ് ഉണ്ടായത് എന്ന് പ്രദേശവാസികൾ പറയുന്നു.പിന്നീടാണ് കാര്യം മനസ്സിലായത്.
വലിയ തോതിൽ വെള്ളത്തോടൊപ്പം മണ്ണ് ഒഴുകിയെത്തി വീടുകളുടെ പരിസരമാകെ വ്യാപിച്ചിരിക്കുകയാണ്.വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടക്കം ചെളിയിൽ പുതച്ച സാഹചര്യമാണ്.വീടുകളുടെ ഭിത്തി,വീട്ടുമുറ്റം അടക്കം ചെളി കുന്നു കുടിയിരിക്കുകയാണ്. നാലു സെൻറ് കോളനിയിലേക്ക് പോകുന്ന റോഡിൽ വലിയ രീതിയിൽ ചെളികുണ്ട് രൂപപ്പെട്ടു, കാൽനട വാഹന യാത്രികരെ വലിയ പ്രതിസന്ധിയിലാക്കി.
ഇതിൽ പരാതികളും പ്രതിഷേധങ്ങളും ശക്തമാക്കുകയും ചെയ്തു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ,വൈസ് പ്രസിഡണ്ട് രജനി സജി,ഗ്രാമപഞ്ചായത്ത് ജോസുകുട്ടി അരിപ്പറമ്പിൽ എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.
അടിയന്തിരമായി സ്കൂളിൻറെ പരിസരത്ത് കൂട്ടിരിക്കുന്ന മണ്ണ് മാറ്റി അപകടകരമായ സാഹചര്യം ഒഴിവാക്കാൻ സ്വീകരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ പറഞ്ഞു. വീടിൻറെ പരിസരവും കടന്നു ചെല്ലുന്ന പ്രധാന പാതയും അടക്കം ചെളിയിൽ അകപ്പെട്ടതോടെ ഇത് മാറ്റാൻ ശ്രമകരമായ ഒരു ജോലിയാണ് ഇരട്ടയാർ നാല് സെൻറ് കോളനി നിവാസികൾക്ക് ഉണ്ടായിരിക്കുന്നതും.










