മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മാലിന്യ നിക്ഷേപം കൂടുതലായുള്ള മേഖലകളിൽ ക്യാമറ സ്ഥാപിച്ച പദ്ധതി വിജയം കണ്ടു തുടങ്ങിയെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ
ആദ്യഘട്ടത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 13 ഇടങ്ങളിലാണ് ക്യാമറസ്ഥാപിച്ചിരിക്കുന്നത്. ഈ മേഖലകളിൽ മാലിന്യ നിക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഈ പുതിയ നടപടി. ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യ നിക്ഷേപത്തിന് തടയിടാൻ ഒരു പരിധി വരെ ആയിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ ഇത് വകവയ്ക്കാതെ ക്യാമറ ഇല്ലാത്ത മേഖലകൾ നോക്കി ചുരുക്കം ചില ആളുകൾ മാലിന്യ നിക്ഷേപം നടത്തുന്നുണ്ടെന്നും കൂടുതലായി മാലിന്യ നിക്ഷേപം നടത്തുന്നത് പഞ്ചായത്തിന് പുറത്തു നിന്നുള്ള ആളുകളാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇരട്ടയാർ നോർത്ത് ഡാം സൈറ്റ് റോഡ് ഭാഗത്തായിരുന്നു വ്യാപകമായ രീതിയിൽ മാലിന്യ നിക്ഷേപം നടന്നുവന്നിരുന്നത്. ഈ ഭാഗത്ത് വിവിധ ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യനിക്ഷേപകരെ കണ്ടെത്തുവാനുള്ള പഞ്ചായത്തിൻറെ പുതിയ പദ്ധതി വിജയം കണ്ടതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ പറഞ്ഞു.






