കരിമലമേട് ടൂറിസം വികസനത്തിന് 50 സെന്റ് അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
കൊന്നത്തടി പഞ്ചായത്തിലെ കരിമലമേട്ടില്‍ വിനോദ സഞ്ചാര കേന്ദ്രം സജ്ജീകരിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം കൈമാറി ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി ഒരു കോടി രൂപ മുടക്കിയാണ് ടൂറിസത്തിനായി പ്രദേശം വികസിപ്പിക്കുന്നത്. പ്രതിവര്‍ഷം 21363 രൂപയ്ക്ക് പത്തു വര്‍ഷത്തേക്കാണ് റവന്യൂ വകുപ്പ് സ്ഥലം പാട്ടത്തിന് അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ ഉയര്‍ന്ന മേഖലയായ കരിമലമേട് അണമുറിയാത്ത കാറ്റും സീസണില്‍ കോട മഞ്ഞും നിറയുന്ന വ്യൂ പോയിന്റാണ്. ഈ പഞ്ചായത്തില്‍ കാണപ്പെടുന്ന മുനിയറകളുടെ മാതൃകയിലാണ് ടൂറിസം കേന്ദ്രം വികസിപ്പിക്കുന്നത്. വാച്ച് ടവര്‍, അതിഥി മന്ദിരം, റെസ്റ്റൊറന്റ്, ഗ്ലാസ് ബ്രിജ്, സിപ് ലൈന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും കേന്ദ്രം വികസിപ്പിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി, മൂന്നാര്‍, രാമക്കല്‍മേട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മധ്യഭാഗത്തായാണ് കരിമലമേട് സ്ഥതി ചെയ്യുന്നത്. വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ കൊടൈക്കനാലും ഇടുക്കി ഡാമും അടക്കം നിരവധി മനോഹര കാഴ്ചകള്‍ കാണാന്‍ സാധിക്കും.





