മൂലമറ്റം ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം, 5 കോടി അനുവദിച്ചു ; മന്ത്രി റോഷി അഗസ്റ്റിൻ
മൂലമറ്റം ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി 4.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. എത്രയും വേഗം സാങ്കേതിക അനുമതി കൂടി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു. 2014 ഫെബ്രുവരി 21നാണ് മൂലമറ്റത്ത് ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത്.
വൈദ്യുതി വകുപ്പിന്റെ ഗോഡൗണിലാണ് നിലവില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. യൂണിറ്റ് സുഗമമായ പ്രവര്‍ത്തനത്തിന് ഈ കെട്ടിടം അപര്യാപ്തമായതിനാലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ക്രെയിനുകളും മറ്റും സൂക്ഷിക്കാന്‍ നിര്‍മിച്ചതായതിനാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര എണ്‍പതടിയോളം ഉയരത്തിലായിരുന്നു.
ടിന്‍ ഷീറ്റുകള്‍കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര മഴക്കാലത്ത് ചോരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടര്‍ റൂം, അടുക്കള എന്നിവ സജ്ജീകരിച്ചായിരുന്നു പ്രവര്‍ത്തനം.
നിലവിലെ താല്‍ക്കാലിക കെട്ടിടത്തിന് സമീപം ഒരേക്കര്‍ ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഭൂമി ഫയര്‍ സ്റ്റേഷനായി ലഭ്യമാക്കി നല്‍കുകയായിരുന്നു. അറക്കുളം, കുടയത്തൂര്‍, മുട്ടം, വെള്ളിയാമറ്റം പഞ്ചായത്തുകളിലായാണ് മൂലമറ്റം ഫയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം. മഴക്കാലത്തും മറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏറെ ഉത്തരവാദിത്വമുള്ള യൂണിറ്റാണ് മൂലമറ്റത്തേത്.



