ഉപ്പുതറയിലും പുലിയിറങ്ങിയതായി നാട്ടുകാർ. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി
ഉപ്പുതറയിലും പുലിയിറങ്ങിയതായി നാട്ടുകാർ. ഉപ്പുതറ പുതുക്കടയിൽ ഏല തോട്ടത്തിൽ ഇന്നലെ രാത്രിയിൽ പുലിയെ കണ്ടതായി കർഷകർ പറഞ്ഞു. പുതുക്കട നിലക്കൽ സരിലാലാണ് പുലിയെ കണ്ടത്. രാത്രിയിൽ ഏലത്തിനും കപ്പക്കും കാവൽ കിടക്കാനായി എത്തിയപ്പോഴാണ് പുലിയുമായി സാമ്യമുള്ള മൃഗത്തെ കണ്ടത്. തിരികെ വന്നു സുഹൃത്തിനെ കൂട്ടി നടത്തിയ പരിശോധനയിലാണ് പുലിയെ വീണ്ടും കണ്ടതായി ഇവർ പറഞ്ഞു. 8 അടിയോളം നീളവും നീണ്ട വാലുമുണ്ട്. ഉടൻ തന്നെ സരിലാലും സുഹൃത്തും ഓടി രക്ഷപെട്ടു. നേരം പുലർന്ന് കഴിഞ്ഞ് ഏല തോട്ടത്തിലെത്തിയപ്പോൾ പുലിയുടെ കാൽപ്പാടുകൾ കാണുകയും ചെയ്തു. കഴിഞ്ഞ മാസം സമീപത്തെ മറ്റൊരു കർഷകനായ അജേഷ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ ഇത് ആരും വിശ്വസിച്ചിരുന്നില്ല. ഇന്നലെ സരിലാലും ബന്ധുവും പുലിയെ നേരിട്ടു കണ്ടതോടെ നാട്ടുകാർ ഭീതിയിലായി.
സരിലാലിന്റെ ഏലഞ്ഞോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ 23 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പിനി വക ഭൂമിയിലാണ് ഏലകൃഷി നടത്തുന്നത്. ഏലം കൃഷിക്ക് ചുറ്റുമുള്ള തേയിലക്കിടയിൽ കാട് വളർന്ന് പന്തലിച്ചിരിക്കുന്നതിനാൽ പുലിക്ക് ഒളിക്കാൻ ധാരാളം സ്ഥലമുണ്ട്. പുതുക്കടയിലെയും 9 ഏക്കറിലെയും ജനവാസ കേന്ദ്രത്തിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് പുലിയിറങ്ങിയ സ്ഥലത്തേക്കുള്ളത്. കാൽപ്പാടുകൾ കണ്ടതോടെ പഞ്ചായത്തിലും വനം വകുപ്പിലും വിവരം ധരിപ്പിക്കുകയും പഞ്ചായത്ത് പ്രസിഡന്റെ കെ ജെ ജയിംസും പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിലും സ്ഥലത്തെത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ഡി എഫ് ഒ ജയചന്ദ്രനെ വിവരമറിയിച്ചു. ഉടൻ തന്നെ കാക്കത്തോട് ഫോറസ്റ്റർ വി ആർ നിശാന്ത് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഏലതോട്ടത്തിലും സമീപപ്രദേശങ്ങളിലും പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. കാൽപ്പാടുകളുടെ ഫോട്ടോയെടുത്ത് ശാസ്ത്രിയ പരിശോധനക്കയച്ചു. കാൽപ്പാടുകൾ പുലിയുടേതെന്നാണ് നിഗമനമെന്നും പരിശോധന ഫലം വന്നാൽ മാത്രമെ ഉറപ്പിച്ച് പറയാൻ കഴിയുവെന്ന് ഫോറസ്റ്റർ വി ആർ നിശാന്ത് പറഞ്ഞു.