ചട്ടം ഭേദഗതയിലൂടെ കൊള്ളയടിക്കൽ അനുവദിക്കില്ല -ഡീൻ കുര്യാക്കോസ് എംപി

ഇന്നത്തെ കാബിനറ്റ് യോഗത്തിൽ 1964 പട്ടയ വസ്തുവിൽ, വ്യവസ്ഥകൾ ലംഘിച്ച് എന്ന പേരിൽ കെട്ടിടങ്ങൾ നിർമിച്ചവ ക്രമവൽക്കരിക്കുന്നതിന് പ്രത്യേക വകുപ്പുകൾ കൂട്ടി ചേർത്തുള്ള ചട്ടം ഭേദഗതിക്ക് അംഗീകാരം നൽകിയതിൽ വൻ പണപ്പിരിവ് ആണ് LDF സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളത്.സർക്കാരിൻ്റെ എല്ലാ വിധ അനുമതിയും വാങ്ങി നിർമ്മിച്ച കെട്ടിടങ്ങൾക്കു മേലെ പല തട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയാണ് ക്രമവൽക്കരണം സൂചിപ്പിച്ചിട്ടുള്ളത്.
ഇത് അന്യായമാണ്. മാത്രവുമല്ല ഫീസ് നിർണ്ണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവും നടത്തും. CPM നേതാക്കളും, ഉന്നത നേതൃത്വവും അതിൻ്റെ പങ്കു പറ്റുകയും ചെയ്യും. ഈ അഴിമതിക്ക് വേണ്ടി മാത്രമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചെടുത്തത്.2019 ആഗസ്റ്റ് 23 ന് പട്ടയ വസ്തുവിൽ മറ്റ് നിർമ്മാണങ്ങൾ അനുവദിക്കില്ലെന്നും, അങ്ങനെ നിർമ്മിച്ചിട്ടുള്ളവ കണ്ടു കെട്ടി പാട്ടത്തിനു നൽകുമെന്നുമുള്ള തരത്തിലുളള തീരുമാനമാണ് കരിനിയമമായി അടിച്ചേൽപ്പിച്ചത്.
യാതൊരു തടസവുമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും,ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കപ്പെട്ട് നിൽക്കുകയും ചെയ്തിരുന്ന സമയത്താണ് അനാവശ്യമായി സർക്കാർ ഇടപ്പെട്ട് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.തുടർന്ന് കാലാനുസൃതമായ നിയമ ഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് അന്നു മുതൽക്കെ ജനങ്ങളെ പറ്റിച്ചു തുടങ്ങിയതാണ്, ഈ സർക്കാർ.
നിയമസഭയിൽ നിയമം ഭേദഗതി ചെയ്തപ്പോഴും, UDF ഈ വിധത്തിൽ പണം പിരിക്കുന്നതിന് അനുവദിക്കില്ലെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിരുന്നതാണ്.6 പതിറ്റാണ്ടിലധികമായി നിറഞ്ഞു നിന്ന പ്രതിസന്ധി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രി അവകാശവാദം ഉന്നയിക്കുമ്പോൾ, ഒരു പ്രതിസന്ധിയും ഇല്ലാതിരുന്നിടത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ച്, ഇപ്പോൾ ജനങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കിയതിൻ്റെ ക്രെഡിറ്റും ഈ മുഖ്യമന്ത്രിക്ക് സ്വന്തമാണ്.
ഒരു തരത്തിലും ഫീസ് ഈടാക്കുന്നതിനോട് യോജിപ്പില്ല. അതോടൊപ്പം 2024 ജൂൺ 7 എന്ന വിജ്ഞാപനം പുറത്തിറങ്ങിയ ദിവസം വരെയുള്ള നിർമാണങ്ങൾക്ക് മാത്രം ക്രമവൽക്കരണവും, തുടർന്നങ്ങോട്ട് പട്ടയ വസ്തുവിൽ മറ്റ് നിർമ്മാണങ്ങൾ പാടില്ല എന്ന തരത്തിലുമാണ് മന്ത്രിസഭാ അംഗീകാരം വന്നിരിക്കുന്നത്.
യഥാർത്ഥത്തിൽ പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമ്മാണങ്ങൾ അനുവദിക്കും എന്ന ഭേദഗതി ചട്ടങ്ങളിൽ വരുത്തേണ്ടിടത്ത്, കൂടുതൽ സങ്കീർണ്ണമാക്കി, ഭാവിയിൽ സമ്പൂർണ്ണമായ നിർമ്മാണ നിരോധനവും അടിച്ചേൽപ്പിച്ച സർക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്നും, അന്യായമായ ചട്ടഭേദഗതി പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് MP ആവശ്യപ്പെട്ടു.യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.