ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ എഐ കോഴ്‌സിന് അനുമതി: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ ബി ടെക് കോഴ്‌സിന് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയത്. 30 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷം തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
2001 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഘട്ടം ഘട്ടമായി അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കോഴ്‌സുകളും അനുവദിച്ച് സംസ്ഥാനത്തെ തന്നെ മികച്ച എഞ്ചിനിയറിംഗ് കോളജുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്നി വിഷയങ്ങളില്‍ ബിടെക് കോഴ്‌സുകളും പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കണ്ട്രോള്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് സിസ്റ്റംസ്, നെറ്റ്വര്‍ക്ക് എഞ്ചിനീയറിംഗ്, വിഎല്‍എസ്‌ഐ ആന്‍ഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് എന്നി വിഷയങ്ങളില്‍ എംടെക് കോഴ്‌സുകളും ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ നിലവിലുണ്ട്.
സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തി വരുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിന് മുഖ്യ പ്രാധാന്യം നല്‍കി ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ മുതല്‍ മുടക്കില്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ മള്‍ട്ടിപര്‍പ്പസ് ജിം ആന്റ് അമെനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.