ദേശീയ ചലച്ചിത്ര പുരസ്‌കാരം 2023;ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി; വിജയരാഘവനും ഉർവശിക്കും പുരസ്കാരം

ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും 2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. റാണി മുഖര്‍ജിയാണ് മികച്ച നടി. മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിച്ചത്. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്‌കാരം പങ്കിട്ടത്. വിജയരാഘവന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം.
പാര്‍ക്കിങിലെ അഭിനയമാണ് ആണ് ഭാസ്‌കറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് രംഗമൊരുക്കിയ മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍.