കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഒമ്പതിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നെടുങ്കണ്ടത്ത് മഹാധര്‍ണ നടത്തും
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഒമ്പതിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നെടുങ്കണ്ടത്ത് മഹാധര്‍ണ നടത്തും. കിഴക്കേക്കവലയില്‍ ഐഎന്‍ടിയുസി കേന്ദ്ര കമ്മിറ്റിയംഗം അഡ്വ ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വാഴൂര്‍ സോമന്‍ എംഎല്‍എ, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഇതിന് മുന്നോടിയായി ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലത്തിലെ വാഹന പ്രചരണ ജാഥ ആരംഭിച്ചു. കട്ടപ്പനയില്‍ കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരന്‍ ക്യാപ്റ്റനും എഐടിയുസി നേതാവ് പി പി ജോയി വൈസ് ക്യാപ്റ്റനും സിഐടിയു നേതാവ് ടി ആര്‍ സോമന്‍ മാനേജരുമായുള്ള ജാഥ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വെള്ളി വൈകിട്ട് 5.30ന് തൊടുപുഴയില്‍ സമാപിക്കും.
ഉടുമ്പന്‍ചോല- പീരുമേട് നിയോജകമണ്ഡലത്തിലെ വാഹന പ്രചരണ ജാഥ 3, 4, 5 തീയതികളില്‍ പര്യടനം നടത്തും. വാഴൂര്‍ സോമന്‍ എംഎല്‍എ ക്യാപ്റ്റനായുള്ള ജാഥയില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം പി എസ് രാജന്‍ വൈസ് ക്യാപ്റ്റനും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി വൈസ് ക്യാപ്റ്റനുമാണ്. വ്യാഴാഴ്ച ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.
സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ക്യാപ്റ്റനായുള്ള ദേവികുളം നിയോജകമണ്ഡലം വാഹന പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
തൊഴില്‍ നിയമഭേദഗതി ബില്ലും നിര്‍ദ്ദിഷ്ട വൈദ്യുതി ബില്ലും പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, അദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ബജറ്റ് വിഹിതം വര്‍ധിപ്പിച്ച് തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പാക്കുക, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ എന്നിവര്‍ക്ക് സാമൂഹ്യ സുരക്ഷ പദ്ധതി അനുകൂല്യം അനുവദിക്കുക, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുക, അതിസമ്പന്നരില്‍നിന്ന് സ്വത്ത് നികുതി ഈടാക്കി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് പഴയത് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാധര്‍ണ നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ എസ് മോഹനന്‍, രാജ മാട്ടുക്കാരന്‍, വി ആര്‍ സജി, വി ആര്‍ ശശി, തോമസ് രാജന്‍, രാജു ബേബി, ടോമി പുളിമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.