പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെന്റിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും നടക്കും

കട്ടപ്പന വുഡ്ലാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.പൂനയിൽ മൾട്ടി നാഷണൽ കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു കൊച്ചി സ്വദേശിനി അന്ന, അമിത ജോലിഭാരം കാരണം മരണപ്പെടുകയായിരുന്നു. അന്നയുടെ മരണം കോർപറേറ്റ് കമ്പനികളിലെ ജോലിഭാരവും, ജീവനക്കാരിലെ മാനസികാഘാതവും സംബന്ധിച്ച് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് കാരണമായി.
ഇനിയൊരു അന്ന ആവർത്തിക്കാതിരിക്കാൻ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല കമ്മറ്റി ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡന്റ് മനോജ് അഗസ്റ്റിൻ സ്വാഗത പ്രസംഗം നടത്തുന്ന യോഗത്തിൽസംസ്ഥാന പ്രസിഡന്റ് രഞ്ചിത്ത് ബാലൻ വിഷയാവതരണം നടത്തും.
എം.ഐ.സി.സി അംഗം അഡ്വ ഇ.എം ആഗസ്തി, യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ റ്റോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഫിലിക്സ് ജോസഫ്, തുടങ്ങിയവർ സംസാരിക്കും. ഓഫീസ് വെൽനെസ് പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാം എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിതിൽ ലാലച്ചൻ ഡോ. മെറിൻ പൗലോസ്, സോബൻ ജോർജ് എബ്രഹാം, സാബു എം ഈപ്പൻ തുടങ്ങിയവർ പങ്കെടുക്കും.
പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ഈ പ്രോഗ്രാം ആദ്യമായാണ് ഇടുക്കിയിൽ നടത്തപ്പെടുന്നത്. 2017ൽ പ്രൊഫഷണൽ കോൺഗ്രസ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഇടുക്കിയിൽ ഇതിന്റെ കമ്മിറ്റി രൂപീകരിക്കുന്നതും ഒരു പബ്ലിക് പ്രോഗാം സംഘടിപ്പിക്കുന്നതും. വാർത്താ സമ്മേളനത്തിൽ പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് മനോജ് അഗസ്റ്റിൻ,അഡ്വ.കെ ജെ ബെന്നി, സിജു ചക്കുംമൂട്ടിൽ, സാബു ജോൺ, റിൻഡോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.