പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ് റിപ്പോർട്ട്

പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ് റിപ്പോർട്ട്.സീതയുടെ ശരീരത്തിലെ പരുക്കുകൾ കാട്ടാന ആക്രമണത്തിൽ ഉണ്ടായതാണെന്ന് അന്വേഷണസംഘം ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 13നാണ് പീരുമേട് വനത്തിനുള്ളിൽ സീത കൊല്ലപ്പെട്ടത്. സീതയുടെ ശരീരത്തിലെ പരുക്കുകൾ കാട്ടാന ആക്രമണത്തിൽ ഉണ്ടായ തല്ലെന്നായിരുന്നു ഫോറൻസിക് സർജന്റെ നിഗമനം. ഇതേ തുടർന്ന് ഇവരുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ സംശയ നിഴലിലായി. എന്നാൽ സീതയുടെ ശരീരത്തിലെ പരുക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമുണ്ടായതാണ്.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെയും സീതയുടെ ഭർത്താവ് ബിനുവിൻ്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.
സ്ഥലത്ത് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടർന്നാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തിൽ പോലിസെത്തിയത്. റിപ്പോർട്ട് രണ്ടാഴ്ടക്കകം പോലീസ് പീരുമേട് കോടതിയിൽ സമർപ്പിക്കും. സീതയുടെ മരണം കൊലപാതകം ആണെന്ന കോട്ടയം ഡി എഫ് ഓ യുടെ പ്രതികരണം വലിയ വിവാദമായിരുന്നു.