സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി വീണ്ടും കെ സലിംകുമാറിനെ തിരഞ്ഞെടുത്തു. കെ സലിംകുമാർ സിപിഐ ജില്ലാ സെക്രട്ടറി ആകുന്നത് രണ്ടാം തവണ

സെക്രട്ടറിക്കൊപ്പം 51 അംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 1967ൽ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ പരേതരായ മഞ്ജിക്കല്ലിൽ തങ്കപ്പന്റെയും സരോജിനിയുടെയും മകനായാണ് കെ സലിംകുമാർ ജനിച്ചത്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വഴിത്തല ഭാസ്കരൻ പ്രസിഡണ്ട് ആയിരുന്ന ഷോപ്പ് എംപ്ലോയീസ് യൂണി നിലൂടെയാണ് സംഘടന രംഗത്തേക്കുള്ള രംഗപ്രവേശം.ഏഴു രൂപവേതനം എന്നത് ഒരു രൂപ വർദ്ധിപ്പിച്ച് എട്ടു രൂപയിലേക്ക് ഉയർത്തണമെന്ന് ആവശ്യം ഉന്നയിച്ച എഐടിയുസിയിൽ അംഗമായി പ്രതിഷേധസമരത്തിൽ പങ്കെടുത്തു.
തുടർന്ന് നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, എ ഐ റ്റി യു സി വർക്കിംഗ് കമ്മിറ്റി മെമ്പർ,ചെത്ത്, മദ്യം, ചുമട്, മുൻസിപ്പൽ സപ്ലൈകോ ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സലിംകുമാർ പ്രവർത്തിക്കുന്നു.
കോലാനിച്ചേരിയിലെ സിപിഐ ബ്രാഞ്ച് സെക്രട്ടറി ആയാണ് തുടക്കം.പിന്നീട് മുനിസിപ്പൽ ശുചീകരണ തൊഴിലാളികളുടെ യൂണിയൻ സെക്രട്ടറിയായി.ടൗണിലെ ചുമട്ടുതൊഴിലാളി കെട്ടിട നിർമ്മാണ തൊഴിലാളികളെ അടക്കം സംഘടിപ്പിച്ചായിരുന്നു പ്രവർത്തനം ശക്തിപ്പെടുത്തിയത്.കഴിഞ്ഞ സമ്മേളനത്തിലാണ് സലിം കുമാറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.