മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഡീ കമ്മീഷൻ ആവശ്യപ്പെട്ട് 23 ന് സെക്രട്ടറിയേറ്റ് ധർണ നടത്തും

അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും സംസ്ഥാനത്തിന് ദോഷകരമായ 999 വർഷ പാട്ടക്കരാർ റദ്ദാക്കണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. 40 ലക്ഷത്തിനടുത്ത മനുഷ്യ ജീവനുകൾ നഷ്ടമാകാൻ സാധ്യതയുള്ള മഹാദുരന്തമൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം.
50 വർഷം ആയുസ് നിർണ്ണയിക്കപ്പെട്ട അണക്കെട്ട് 130 വർഷം പിന്നിടുകയാണ്. ടൺ കണക്കിന് സുർക്കി മിശ്രിതം ഒലിച്ചുപോയതായി പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഡാമിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട കേന്ദ്രജലകമ്മീഷൻ അടിയന്തിര പരിശോധനയ്ക്കായി ഡാം സന്ദർശിച്ചപ്പോൾ തമിഴ്‌നാട് ഉദ്യോഗസ്ഥർ സഹകരിക്കാതെ മാറി നിൽക്കുകയാണ് ചെയ്തത്.
കമ്മീഷൻ അംഗങ്ങൾക്ക് പരിശോധന നടത്താൻ കഴിയാതെ മടങ്ങുകയാണ് ചെയ്‌തത്. സമിതിയുടെ സന്ദർശനത്തിന് മുമ്പായി ഡാമിൻ്റെ വിള്ളലുകൾ അടച്ച് സമിതിയംഗങ്ങളെ തെറ്റിദ്ധരിപ്പി ക്കുവാനായി കേരളത്തിൽ കൂടി നിർമ്മാണ സാമഗ്രികൾ എത്തിക്കുവാൻ അനുവദിക്കരുതെന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വൈക്കത്ത് എത്തിയതിൻ്റെ തൊട്ടു മുൻ ദിവസം 275 മെട്രിക്‌ടൺ സിമൻ്റും നിർമ്മാണ സാധനങ്ങളും തൊഴിലാളികളെയും കൊണ്ടുപോകാൻ അനുമതി നൽകിയതിൽ ദുരൂഹതയുണ്ട്.
ഉപസമിതി എന്ന പേരിൽ കേരള പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ്, ഇൻ്റർ സ്റ്റേറ്റ് ജലവകുപ്പ് ചീഫ് എഞ്ചിനീയർ ആർ. പ്രിയേഷ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ അണക്കെട്ടിന് കാഴ്‌ചയിൽ കുഴപ്പമില്ലാ'യെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. സംസ്ഥാന താല്‌പര്യത്തിനെതിരെ റിപ്പോർട്ട് സമർപ്പിച്ച ഈ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാത്തതും ദൂരുഹത വർദ്ധിപ്പിക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ്, യു.എൻ സർവ്വകലാശാല, സെൻട്രൽ സോയിൽ ആന്റ് മെറ്റീരിയൽസ് റിസർച്ച് ടീം, റൂർക്കി ഐ.ഐ.ടി എന്നിവയുടെ വിദഗ്‌ധർ നടത്തിയ പഠനത്തിൽ ലോകത്തെ അപകടം പിടിച്ച 6 അണക്കെട്ടുകളിൽ ഒന്നായി മുല്ലപ്പെരിയാറിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 2012 ന് ഡാമിൽ യാതൊരുവിധ ബലക്ഷയപരിശോധനകളും നടത്തിയിട്ടില്ല.
ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറയുന്ന അറിവ് മാത്രമാണ് നമുക്കുള്ളത്. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമ പ്രവർത്തകരെ അണക്കെട്ട് സന്ദർശിക്കുന്നതിൽ നിന്നും വിലക്കുന്നതും സംശയകരമാണ്. കേരളത്തിലെ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർകരെയും ഡാം സന്ദർശിക്കുവാൻ അനുമതി നേടിയെടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കണം.
ആറിലധികം വിദഗ്‌ധസമിതികൾ ഡാമിൻ്റെ അപകടാവസ്ഥയും ഭൂകമ്പ സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വലിയ രീതിയിലുള്ള വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. ഡാം സുരക്ഷിതമാണെന്ന് ഒരു വിദഗ്‌ധ സമിതി റിപ്പോർട്ടും നിലവിലില്ല. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്താനുള്ള ഉത്തരവ് തമിഴ്‌നാടിന് നേടാനായതും 152 അടിയായി ഉയർത്താൻ തമിഴ്‌നാട് ശ്രമിക്കുന്നതും ആകാശം അടർന്നു വീഴുന്നതുപോലെയാണ് ഡാം തകരുമെന്ന് ചിന്തിക്കുന്നത് എന്ന സുപ്രീംകോടതി രണ്ടംഗ ബഞ്ചിൻ്റെ പരാമർശവും കേരളത്തിൻ്റെ വാദവും അപകടസാധ്യതയും ശക്തമായി ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് ഉണ്ടായതാണ്.
കേരളത്തിൻ്റെ ബോധപൂർവ്വമായ പരാജയത്തിന് പിന്നിൽ ദൂരുഹതയുണ്ട്. ഡാം ഡീ കമ്മിഷൻ ചെയ്യുവാനും ദുരന്തം ഒഴിവാക്കുവാനും കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്തി പരിഹാരം കാണാൻ കഴിയും. 999 വർഷത്തെ അശാസ്ത്രീയാമായ പാട്ടക്കാർ റദ്ദ് ചെയ്യണമെന്നും ഡീ കമ്മീഷൻ ചെയ്യണമെന്നും ജലനിരപ്പ് കുറയ്ക്കണമെന്നും കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും മാധ്യമ പ്രവർത്തകരെ സ്ഥലം സന്ദർശിക്കുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 23 ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും.
ചെയർമാൻ അഡ്വ. റോയ് വാരികാട്ട് അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ പി.ടി.ശ്രീകുമാർ സ്വാഗതമാശംസിക്കും. ഉദ്ഘാടനം രമേശ് ചെന്നിത്തലയും സമാപന സമ്മേളനം ശോഭസുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. തുഷാർ വെള്ളാപ്പള്ളി, പ്രൊഫ.എ.വി.താമരാക്ഷൻ Ex. MLA, തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത, ഡേ.മുഹമ്മദ് സഖാഫി, വിവിധ സംഘടനാ നേതാക്കളായ ഷിബു.കെ. തമ്പി, സൈപ്‌സസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ, ഖാലിദ് സഖാഫി, രവിപോറ്റി, ആമ്പൽ ജോർജ്ജ്, റ്റി.ജി.സുഗുണൻ, രാജേന്ദ്രൻ അമനകര, ഫാ.തോമസ്. പി.ജോഷ്വ, സജു തറനിലം, മാധവൻപിള്ള, റെജി മാത്യൂ, ഡോ.റോബിൻ മാത്യൂ, ബന്നി കോട്ടപ്പുറം, അരുൺ രാജ്, മനോജ് മഞ്ചേരി, ലളിതാരാജ്, രാജേഷ്, അഡ്വ.ജെയിംസ് മാനുവേൽ, അഡ്വ.ശാന്താറാം റോയ് തോളൂർ, മാർട്ടിൻ മാത്യു, ബി.ചന്ദ്രകുമാർ എന്നിവർ സംസാരിക്കും.