അയൽവീട്ടിൽ നിന്ന് 80 കിലോ കുരുമുളക് മോഷ്ടിച്ച കേസിൽ നെടുങ്കണ്ടം തേർഡ് ക്യാമ്പ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

ബാലഗ്രാം, തേർഡ് ക്യാമ്പ്, ബ്ലോക്ക് നമ്പർ-1099,പനച്ചിക്കൽ അജ്മൽ ഹുസൈൻ. പി എം. (30) ആണ് അറസ്റ്റിലായത്. ബാലഗ്രാം സ്വദേശിയായ ഇയാളുടെ അയൽവാസി തേർഡ്ക്യാമ്പ്,മേലേതിൽ പ്രഭാകരന്റെ വീടിന്റെ പിന്നിലെ കതക് കുത്തിപൊളിച്ചു കഴിഞ്ഞ മെയ് 27 ന് രാത്രിയിലാണ് കുരുമുളക് മോഷ്ടിച്ചത്. വീട്ടുകാർ വിദേശത്തായിരുന്നതിനാൽ മോഷണ വിവരം അറിയാൻ വൈകി.
ബുധനാഴ്ച്ച വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് കതക് തകർത്തു കൂരുമുളക് മോഷ്ടിച്ച വിവരം അറിയുന്നത്. തുടർന്ന് കമ്പംമേട്ട് പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ തൂക്കുപാലത്തെ ഒരു മലഞ്ചരക്ക് കടയിൽ വിറ്റ 37 കിലോ കുരുമുളകും കണ്ടെടുത്തു. മോഷണത്തിന് ശേഷം ആറന്മുളയിലുള്ള ഭാര്യ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
കട്ടപ്പന ഡി വൈ എസ് പി യുടെ നിർദേശനുസരണം കമ്പംമേട്ടു പോലീസ് ആറന്മുളയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നെടുംകണ്ടം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, കമ്പംമേട്ടു സി ഐ. രതീഷ് ഗോപാൽ, എസ്. ഐമാരായ റ്റി. ബിജു. പി. വി.മഹേഷ്, എസ് സി പിഒ. സൈദ് മുഹമ്മദ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.