കമ്പംമെട്ട് ഹാഷിഷ് ഓയിൽ കേസിൽ ഒരാളെ കൂടി കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം അതിരുംപുഴ മണാടിയിൽ ഷിനാജ് (49) ആണ് അറസ്റ്റിലായത്. കമ്പംമേട്ടു പോലീസ് കഴിഞ്ഞ മാർച്ചിൽ രജിസ്റ്റർ ചെയ്ത ഹാഷിഷ് ഓയിൽ കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഷിനാജ്. 2025 മാർച്ചിൽ 105 ഗ്രം ഹാഷിഷ് ഓയിലുമായി കരുണപുരത്തിനു സമീപത്തു നിന്ന് ആലപ്പുഴ സ്വദേശി അഷ്‌കർ (49) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ രണ്ടാം പ്രതിയും ഹാഷിഷ് ഓയിൽ അഷ്‌കറിനു നൽകുകയും ചെയ്ത എറണാകുളം സ്വദേശി ആശ്മോൻ (49) നെ രണ്ടാഴ്ച മുൻപ് പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഹാഷിഷ് ഓയിൽ അഷ്‌കറിനു നൽകിയത് ആശ്മോൻ ആണെന്ന് അഷ്‌കർ പോലീസിന് മൊഴി നൽകിയിരുന്നു.ഇതേ തുടർന്നാണ് ആശ്മോൻ അറസ്റ്റിലായത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ഹാഷിഷ് ഓയിൽ തനിക്ക് നൽകിയത് ഷിനാജ് ആണെന്ന് പോലീസിനോട് പറഞ്ഞിരുന്നു.തുടർന്ന് ഷിനാജ് വേണ്ടി പോലീസ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു. ടൂറിസ്റ്റ് ബസുകളിൽ മാറി മാറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷിനാജ് മിക്കവാറും യാത്രയിൽ മറ്റു സംസ്‌ഥാനങ്ങളിൽ ആയിരുന്നതിനാൽ പോലീസിനെ കബളിപ്പിച്ചു ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
ഇയാൾ മൊബൈൽ ഫോൺ മാറി ഉപയോഗിച്ചിരുന്നതും പോലീസ് പിടിയിൽ പെടാതെ കഴിയാൻ സഹായിച്ചു. 2022 -ൽ 150 ഗ്രം എം ഡി എം എ യും ഒന്നേ കാൽ കിലോ കഞ്ചാവുമായി ഷിനാജ് ചാവക്കാട് പോലീസിന്റെ പിടിയിലായിരുന്നു .ഈ കേസിൽ ജ്യാമത്തിൽ ഇറങ്ങി വീണ്ടും ലഹരി വില്പന നടത്തി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി അഷ്‌കർ ജാമ്യത്തിൽ ഇറങ്ങി. എന്നാൽ കേസിലെ രണ്ടാം പ്രതി ആശ്മോൻ റിമാൻഡിലാണ്. ഷിനാജിനെ കമ്പംമെട്ട് പോലീസ് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഐ പി എസ് ന്റെ കിഴിലുള്ള ഡാൻസാഫ് ടീമും,കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, കമ്പംമേട്ടു സി ഐ. രതീഷ് ഗോപാൽ, എസ് ഐ. പി. വി.മഹേഷ്, എസ് സി പിഒ. തോമസ്, ലിറ്റോ എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.