ലഹരിക്കെതിരെ പോരാട്ടത്തിൽ യുവജനങ്ങൾ സജ്ജരാകണം : മോൺ. ജോസ് കരിവേലിക്കൽ

വർത്തമാനകാലം ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന കാലഘട്ടമാണ്. ഈ പോരാട്ടത്തിന്റെ മുന്നണി പോരാളികളായി യുവജനങ്ങൾ സജ്ജരാകണമെന്ന് ഇടുക്കി രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ പറഞ്ഞു. കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനപക്ഷ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള വിളംബരം ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വ്യാപനം സമീപകാലത്തെങ്ങുമില്ലാത്ത വിധത്തിൽ നടക്കുന്ന കാലമാണിത്. സർക്കാർതലത്തിലും സംഘടനാ നേതൃത്വത്തിലും ബോധവൽക്കരണവും മറ്റിതര പ്രവർത്തനങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്. എങ്കിലും ഈ സാമൂഹിക വിപത്തിനെ സമൂഹത്തിൽനിന്ന് നിർമ്മാർജ്ജനം ചെയ്യാൻ വലിയ പങ്കുവഹിക്കാൻ കഴിയുന്നത് യുവജനങ്ങൾക്കാണ്.
യുവജനങ്ങളും കൗമാരക്കാരുമാണ് ഇന്ന് രാസ ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. യുവജന സംഘടനകളുടെ എല്ലാം പ്രവർത്തനങ്ങളിൽ മുഖ്യ പ്രാധാന്യമർഹിക്കുന്ന വിഷയം ലഹരി വിമുക്ത സമൂഹത്തെ പടുത്തുയർത്തുക എന്നതായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡണ്ട് സാം സണ്ണിക്ക് പതാക കൈമാറി ബൈക്ക് റാലി അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. റാലി ചെറുതോണിയിൽ എത്തിയപ്പോൾ പാറത്തോട് യൂണിറ്റ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കെസിവൈഎം രൂപതാ സെക്രട്ടറി ഐബിൻ വി ഐസക് ലഹരി വിരുദ്ധ സന്ദേശം നൽകി.
ഞായർ മൂന്നു മണിക്ക് കരിമ്പൻ സെൻമേരിസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രവർത്തന വർഷ ഉദ്ഘാടനവും യുവജന ദിനാഘോഷവും നടക്കും. സാംസണ്ണി അധ്യക്ഷത വഹിക്കുന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണവും കർമ്മ പദ്ധതിയുടെ പ്രകാശനവും നിർവഹിക്കും. കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് എബിൻ കണിവയലിൽ മുഖ്യപ്രഭാഷണം നടത്തും. മോൺ. അബ്രഹാം പുറയാറ്റ്, അലക്സ് തോമസ്, ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ പട്ടാംകുളം എന്നിവർ പ്രസംഗിക്കും .
കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ.തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. വർഗീസ് പാറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു. സി. ലിന്റ എസ്എബിഎസ്, അജിൻ ജിൻസൺ, അമൽ ജിജു, എബിൻ പൂണേലി, സൗപർണിക സന്തോഷ്, ഡെല്ല സജി, കെവിൻ ജോഷി എന്നിവർ നേതൃത്വം നൽകി.