സൗജന്യമായി കലാപഠനം വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിലൂടെ

സാംസ്‌കാരിക വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കലാപഠനത്തില്‍ താത്പര്യമുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരമൊരുക്കുന്നു. പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി കലാപഠനത്തിനുള്ള അവസരമാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
സൗജന്യ കലാപരിശീലന പദ്ധതിയില്‍ ലളിതകലകള്‍, ക്ലാസ്സിക്കല്‍ കലകള്‍, അഭിനയ കല, നാടോടി കലകള്‍ എന്നീ കലാ വിഭാഗങ്ങളില്‍ നാല്‍പ്പതില്‍ അധികം കലാവിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. സമൂഹത്തില്‍ കലാ അവബോധം വളര്‍ത്തുകയും സാധാരണക്കാരുടെ ഇടയില്‍ നിന്നും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയില്‍ കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം, അടിമാലി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
നെടുങ്കണ്ടം ബ്ലോക്കില്‍ ചെണ്ട, പരിചമുട്ട്, നാടന്‍പാട്ട്, കട്ടപ്പന ബ്ലോക്കില്‍ ചിത്രരചന, ഫോട്ടോഗ്രാഫി, നാടകം, കഥകളി, ചെണ്ട, തൊടുപുഴ ബ്ലോക്കിന് കീഴില്‍ കൂടിയാട്ടം, മുടിയേറ്റ് എന്നീ ക്ഷേത്രകലകള്‍ക്ക് പുറമേ മോഹിനിയാട്ടം, മാര്‍ഗംകളി, സംഗീതം, അടിമാലി ബ്ലോക്കിന് കീഴില്‍ കര്‍ണാടിക് സംഗീതം, ചിത്രരചന, കഥകളി, മോഹിനിയാട്ടം എന്നി കലകളാണ് പഠിക്കാന്‍ അവസരം. ജില്ലയില്‍ 17 അധ്യാപകരാണ് വിവിധ കലകള്‍ പരിശീലിപ്പിക്കുന്നത്.
വിവിധ ബ്ലോക്കുകളിലെ സ്‌കൂളുകള്‍, സാസ്‌കാരിക നിലയങ്ങള്‍, ലൈബ്രറി എന്നീ കേന്ദ്രങ്ങളില്‍ പഠിതാക്കളുടെ എണ്ണമനുസരിച്ചാണ് പരിശീലനം നടത്തുന്നത്. ശനി, ഞായര്‍ എന്നീ അവധി ദിവസങ്ങളിലാണ് പരിശീലനം നല്‍കുന്നത്. രണ്ടു വര്‍ഷമാണ് പരിശീലന കാലവധി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വൈദികര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങി നാനമേഖലകളില്‍ നിന്നുമായി നിരവധി പേര്‍ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുന്നുണ്ട്. നേരത്തെ ട്രൈബല്‍ വിഭാഗത്തില്‍ നിന്ന് ചെണ്ട പരിശീലനം പൂര്‍ത്തിയാക്കി ട്രൂപ്പ് തുടങ്ങി കലയെ ഉപജീവന മാര്‍ഗമായി തിരഞ്ഞെടുത്തവരുമുണ്ട്.
പദ്ധതിയുടെ ഭാഗമായി അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെയും, ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി സാമൂഹിക തിന്‍മകള്‍ക്കെതിരെയും കലാകാരന്‍മാരുടെ നേതൃത്വത്തില്‍ ഇതര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കലാപഠനത്തിന് താത്പര്യമുള്ളവര്‍ക്ക് സാംസ്‌കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.സൂര്യലാലിനെ ബന്ധപ്പെടണം. ഫോണ്‍: 9447823817