കുമളി ഓടമേട്ടിൽ കോടാലി ഉപയോഗിച്ച് വീട് കുത്തി തുറന്ന് മോഷണം. 12 പവൻ സ്വർണവും 43,000 രൂപയും കവർന്നു. സംഭവത്തിൽ നാലുപേർ പോലീസ് പിടിയിൽ

കോന്നി സ്വദേശികളായ സോണി ഭവനിൽ സോണി (26), മാമൂട്ടിൽ ജോമോൻ (36), പട്ടുമല എസ്റ്റേറ്റ് അനീഷ് കുമാർ (26), മുരുക്കടി ഉഷഭവനം മണിക്കുട്ടൻ (37), എന്നിവരാണ് പിടിയിലായത്. കുമളി ഓടമേട് സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തിലെ ഗൃഹനാഥനുമായി പരിചയമുണ്ടായിരുന്ന പ്രതികളിലൊരാളായ ജോമോൻ ഇയാൾ ഒഴികെ മറ്റാരും വീട്ടിൽ ഇല്ലാത്ത ദിവസം മനസ്സിലാക്കി.
തുടർന്ന് വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോൾ ജോമോൻ ഗൃഹനാഥനെ കുറച്ചുനേരത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് വീട്ടിൽ നിന്നും മാറ്റി. ഈ സമയം മറ്റു മൂന്ന് പ്രതികൾ ചേർന്ന് അടുക്കളയുടെ വാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും, 43,000 രൂപയും കൈക്കലാക്കി.
സംഭവശേഷം കടന്നു കളഞ്ഞ ജോമോനെയും സോണിയേയും എരുമേലി പോലീസിന്റെ സഹായത്തോടെ എരുമേലിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടു പ്രതികൾ വേളാങ്കണ്ണിയിലേക്കാണ് പോയിരിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചു.