കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ആണ് കോൺഗ്രീറ്റ് ഇളകി ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. സ്റ്റാൻഡിന്റെ ആരംഭ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന കിണർമൂടി അതിനുമുകളിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഈ കോൺക്രീറ്റിന്റെ ഭാഗങ്ങളാണ് തകർന്നിരിക്കുന്നത്. ഗർത്തം രൂപപ്പെട്ടതോടെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിൽ വാഹനങ്ങൾ ചാടുമ്പോൾ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.
അതിനോടൊപ്പം ഗർത്തത്തിന്റെ ആഴം വലുതായതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്. അതിനോടൊപ്പം കോൺക്രീറ്റ് കമ്പികൾ വെളിയിലേക്ക് തള്ളി നിൽക്കുന്നത് ബസുകളുടെ ഉൾപ്പെടെ ടയറുകൾ പഞ്ചറാകുന്നതിനും കാരണമാകുന്നു.
നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഇത് വഴി നടന്നു പോകുന്നത്. കുഴികണ്ട് വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് കാൽനട യാത്രക്കാർക്കടക്കം അപകടം ഭീഷണിയാണ്. അടിയന്തരമായി സ്റ്റാൻഡിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തം മൂടണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.