കട്ടപ്പനയിൽ അനധികൃത മദ്യ വില്പന; അഞ്ച് ലിറ്റർ വിദേശ മദ്യവുമായി ജെയിംസ് സെബാസ്റ്റ്യൻ എന്നയാൾ പിടിയിൽ

കാഞ്ചിയാർ ലബ്ബക്കട കൽത്തൊട്ടി മേഖലകളിൽ അനധികൃതമായി വിദേശമദ്യം ചില്ലറ വില്പന നടത്തിവന്നിരുന്ന ബിജു എന്ന് അറിയപ്പെടുന്ന ജെയിംസ് സെബാസ്റ്റ്യൻ ചെറ്റയിലാണ് എക്സൈസിന്റെ പിടിയിലായത്.. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലബ്ബക്കട കുഞ്ചുമല റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ജെയിംസ് പിടിയിലാകുന്നത്.
ഇയാളുടെ വാഹനത്തിൽ നിന്നും അനധികൃതമായി 10 കുപ്പികളിലായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ഓട്ടോറിക്ഷയിലാണ് ചില്ലറയായി മദ്യവിൽപ്പന നടത്തിവന്നിരുന്നത്. വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് വിദേശമദ്യശാലകൾ അടച്ച സാഹചര്യത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിവന്നിരുന്നത്. ഇയാൾ മുൻപും അനധികൃത മദ്യവിൽപ്പന നടത്തിയതിന് പിടിയിൽ ആയിട്ടുണ്ട്.
അവധി ദിവസങ്ങളിൽ അടക്കം അനധികൃത മദ്യ വില്പന നടക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് എക്സൈസ് വകുപ്പ്. ഉദ്യോഗസ്ഥരായ അതുൽ ലോനൻ എം എഫ് , മനോജ് സെബാസ്റ്റ്യൻ, സജിമോൻ ജി തുണ്ടത്തിൽ , ജെയിംസ് മാത്യു , ശ്രീകുമാർ എസ്, ഡെന്നിസൺ ജോസ്, പി എം അജേഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കും.