പെരിയാർ കടുവ സങ്കേതത്തിൽ ഉഭയ-ഉരഗജീവി സർവ്വേ പൂർത്തിയായി

പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ ഹോട്സ്പോട്ടുകളിലൊന്നായ പെരിയാർ കടുവ സങ്കേതത്തിൽ ആദ്യഘട്ട ഉഭയ-ഉരഗജീവി സർവ്വേയിൽ 149 ഇനങ്ങൾ രേഖപ്പെടുത്തി. 2025 ജൂൺ 7 മുതൽ 10 വരെ പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷനും, ആരണ്യകം നേച്ചർ ഫൗണ്ടേഷനും ചേർന്ന് സംയുക്തമായി നടത്തിയ സർവ്വേയിൽ 67 ഉഭയജീവി ഇനങ്ങളെയും 82 ഉരഗജീവി ഇനങ്ങളെയുമാണ് കണ്ടെത്തിയത്.
വിവിധ ആവാസവ്യവസ്ഥകളെ പ്രതിനിധികരിക്കുന്ന 21 സ്ഥലങ്ങളിലാണ് സർവ്വേ നടന്നത്. സർവ്വേയിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഏട്രീ-ബാംഗ്ലൂർ തുടങ്ങിയവരും, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, സർപ്പ, സ്നേക്ക്പീഡിയ തുടങ്ങിയ പ്രാദേശിക സംഘടനകളെയും പ്രതിനിധീകരിച്ച് 73 വോളണ്ടിയർമാർ പങ്കെടുത്തു.
പെരിയാർ കടുവ സങ്കേതത്തിലെ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് എസ്. എന്നിവരുടെ നേതൃത്വത്തിൽ സർവ്വേ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തേക്കടി റേഞ്ച് ഫോറസ്ററ് ഓഫീസർ കെ. ഇ. സിബി, വള്ളക്കടവ് റേഞ്ച് ഫോറസ്റ് ഓഫീസർ അരുൺ കെ. നായർ, റിസർച്ച് റേഞ്ച് ഫോറസ്റ് ഓഫീസർ ലിബിൻ ജോൺ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ് ഓഫീസർ പ്രിയ ടി. ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ്മാരായ രമേശ്ബാബു, ആൽബി ജെ മറ്റത്തിൽ, നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സേതുപാർവതി തുടങ്ങിയവർ സന്നിഹിതരായി .
ഡോ. സന്ദീപ്ദാസ്, ഡോ. രാജ്കുമാർ എന്നിവർ നയിച്ച സർവ്വേയിൽ നിരവധി അപൂർവ ഇനങ്ങളെ രേഖപ്പെടുത്തി. ചൂരലാമ എന്ന Cane Turtle (Vijayachelys silvatica), കാട്ടാമ എന്ന Travancore Tortoise (Indotestudo travancorica ), Short-tailed Kukri എന്ന കുട്ടിവാലൻ ചുരുട്ട (Oligodon brevicauda), എന്നിവ ഉൾപ്പെടെ ഐയുസിഎൻ ചുവപ്പുപട്ടികയിൽപെടുന്ന 12 ഇനങ്ങളെ രേഖപ്പെടുത്തി.
മുൻ സർവ്വേകളിൽ രേഖപ്പെടുത്താത്ത ഡറെലി കുറിമൂക്കൻ എന്ന Darrel's Chorus Frog (Microhyla darreli), കേരള ചാട്ടക്കാരൻ എന്ന Kerala Skittering Frog (Euphlyctis kerala), ജലധാര ചാട്ടക്കാരൻ എന്ന Jaladhara Skittering Frog (Euphlyctis jaladhara), Nilphamarai Narrow-mouthed Frog (Microhyla nilphamariensis), Narayan's caecilian (Uraeotyphlus narayani) തുടങ്ങി അഞ്ചിനം ഉഭയജീവികളും, റാഷിദി പല്ലി എന്ന Rashid's Day Gecko (Cnemaspis rashidi), മേഘമല ദ്രാവിഡഗെക്കോ എന്ന Meghamala Dravidogecko (Dravidogecko meghamalaiensis), Beddome’s Dravidogecko (Dravidogecko beddomei) തുടങ്ങി മൂന്നിനം ഉരഗങ്ങളെയും അടക്കം എട്ടിനങ്ങളെ പെരിയാർ കടുവ സങ്കേതത്തിന്റെ ഉഭയഉരഗജീവി പട്ടികയിലേക്ക് അധികമായി ചേർത്തു.
സർവ്വേയിൽ രേഖപ്പെടുത്തിയ അറുപത്തിയേഴിൽ അൻപത്തിമൂന്നും, (എൺപത് ശതമാനം ഉഭയജീവികളും) ലോകത്തിൽ പശ്ചിമഘട്ടത്തിൽമാത്രം കാണപ്പെടുന്നവയാണ് എന്നത് പെരിയാറിന്റെ ഉഭയജീവി വൈവിധ്യത്തിന്റെ പ്രത്യേകതകൂടിയാണെന്ന് ഡോ. സന്ദീപ്ദാസ് അഭിപ്രായപ്പെട്ടു. പെരിയാറിന്റെ ജൈവവൈവിധ്യം പൂർണമായി പഠിക്കുന്നതിനായി തുടർസർവ്വേകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.