ആഴമുള്ള കുളത്തിലേക്ക് കൂട്ടുകാര്‍ താഴ്ന്നു; ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു, മുങ്ങിയെടുത്ത്. ഈ മിടുക്കന്മാർ...!

മലപ്പുറം: ഒട്ടും കാത്തുനിന്നില്ല, ഈ മൂവർ സംഘം മുങ്ങിയെടുത്തത് രണ്ട് ജീവനുകളാണ്. അപകടത്തില്‍ പരിക്കേറ്റ് മുങ്ങിത്താഴ്ന്ന വിദ്യാർഥിനികളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ മിടുക്കൻമാരാണിപ്പോള്‍ നാട്ടിലെ ഹീറോസ്.കൊടിഞ്ഞി കടുവാളൂർ സ്വദേശി കിഴുവീട്ടില്‍ അബ്ബാസ്-ഫാത്തിമ ദമ്ബതികളുടെ മകൻ അൻസില്‍ (13), കടുവാളൂർ ഒറ്റിപ്പടത്തില്‍ അബുവിന്റെ മകൻ മുഹമ്മദ് സഹദ് (13), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് അബ്ദുല്‍ ഗഫുർ-പത്തൂർ സറീന ദമ്ബതികളുടെ മകൻ ഷാസിൻ മുഹമ്മദ് (13) എന്നിവരാണ് മാതൃകാപരമായ മനസാന്നിധ്യത്തിന് പ്രശംസ ഏറ്റുവാങ്ങുന്നത്.
കടുവാളൂർ ഒറ്റത്തിങ്ങല്‍ സിദ്ദീഖിന്റെ മകള്‍ മുസ്ലിഫ(15), ഒറ്റത്തിങ്ങല്‍ ഉസ്മാന്റെ മകള്‍ റിഫ്ത (13) എന്നിവരെയാണ് മരണക്കയത്തില്‍നിന്ന് മൂവരും ചേര്‍ന്ന് ജീവിത ത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെ കൊടിഞ്ഞി കടുവാളൂർ കുറ്റിയത്ത് കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം.
സംഭവത്തില്‍ മുസ്ലിഫ(15), ഒറ്റത്തിങ്ങല്‍ റിഫ്ത (13), കിഴുവീട്ടില്‍ അൻസില്‍ (13), പത്തൂർ മുഹമ്മദ് റസീൻ (11), ഒറ്റിപ്പടത്തില്‍ മുഹമ്മദ് സഹദ് (13), പയക്കര അന്നത്ത് (14), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് ഷെഹ്‌സിൻ (13) എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഇവർ കുളിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത് എഴുവൻതൊടി മൊയ്തീൻകുട്ടിയുടെ വീടിന്റെ അടുക്കളഭാഗവും മുറ്റത്തിന്റെ ഭിത്തിയുമടക്കം തകർന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ഭിത്തിയുടെ കല്ല് തലയില്‍വീണ് ഗുരുതര പരിക്കേറ്റ മുസ്ലിഫയും റിഫ്തയും പതിനഞ്ച് മീറ്റ റോളം താഴ്ചയുള്ള കുളത്തിലേക്ക് താഴ്ന്നു.
എന്നാല്‍, തലക്ക് സാരമായി പരിക്കേറ്റ അൻസിലും സഹദും ഷാസിൻ മുഹമ്മദും തങ്ങളുടെ പരിക്ക് കാര്യമാക്കാതെ ഇരുവരെയും പിടിച്ച് കരയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാർക്കിടയില്‍ മൂവർക്കും ഹീറോ പരിവേഷമാണ്.