അണക്കര ചെല്ലാർകോവിലിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം വാഹനാപകടം നടന്നത്. ചെല്ലാർകോവിൽ ഭാഗത്ത് ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ച് വീണു.ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രണ്ട് പേർക്കും 17 വയസായിരുന്നു. സുഹൃത്തുക്കളായ ഇരുവരും +2 കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. പുറ്റടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പോലീസ് സംഭവത്തിൽ കേസെടുത്തു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.