കട്ടപ്പന വള്ളക്കടവ് സിറ്റിയിൽ നിൽക്കുന്ന തണൽമരം അപകട ഭീഷണി ഉയർത്തുന്നു എന്ന് പരാതി

40 വർഷത്തിലേറെയായി വള്ളക്കടവ് ടൗണിൽ നിൽക്കുന്ന തണൽ മരമാണിത്. മുൻപ് മരം അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ശിഖരങ്ങൾ വെട്ടി നീക്കിയിരുന്നു. എന്നാൽ നിലവിൽ മരത്തിന്റെ ചുവടുകൾ ദ്രവിച്ച് ഏതുസമയവും നിലംപൊത്താവുന്ന സാഹചര്യത്തിലാണ്. അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാർ നാളുകളായി ആവശ്യം ഉയർത്തുന്നതുമാണ് . എന്നാൽ ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ യാതൊരുവിധ ഇടപെടലും നടത്തുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
മരത്തിന്റെ അപകടാവസ്ഥയെ തുടർന്ന് മേഖലയിലെ നൂറോളം പൊതുജനങ്ങളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഒപ്പിട്ട നിവേദനം നഗരസഭയ്ക്ക് നൽകിയിരുന്നു. എന്നാൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി നാഷണൽ ഹൈവേയാണ് നടപടി സ്വീകരിക്കേണ്ടത് എന്ന വാദത്തിലാണ് നഗരസഭ എന്നും സിപിഐഎം ലോക്കൽ സെക്രട്ടറി സി ആർ മുരളി പറയുന്നു.
നിരവധി വിദ്യാർത്ഥികൾ ഈ മരത്തിന് സമീപമാണ് ബസ് കാത്തുനിൽക്കുന്നത്. അതോടൊപ്പം അടിമാലി കുമിളി ദേശീയപാതയിലെ പ്രധാനപ്പെട്ട ഒരു ജംഗ്ഷൻ കൂടിയാണിത്. അതോടൊപ്പം ഇവിടെ ഓട്ടോറിക്ഷ സ്റ്റാൻഡും, നിരവധി വ്യാപാര സ്ഥാപനങ്ങളും, പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സദാസമയം നിരവധി ആളുകൾ എത്തുന്ന ജംഗ്ഷൻ കൂടിയാണിത്. 66 കെ വി വൈദ്യുത ലൈനും കടന്നുപോകുന്നു.
അടിമാലി കുമിളി ദേശീയപാതയുടെ ഓരത്താണ് മരം നിൽക്കുന്നത്. മരം ഏതേലും ഭാഗത്തേക്ക് കടപുഴകി വീണാൽ വലിയ അപകടമാകും ഉണ്ടാവുക . കട്ടപ്പന നഗരസഭയിലെ നാല് വാർഡുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലത്താണ് ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി മരം നിൽക്കുന്നത്. മരം കടപുഴുക്കി വീഴുന്ന അപകടാവസ്ഥയ്ക്ക് പുറമെ വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന സ്ഥിതിയും ഉണ്ടെന്നും ആളുകൾ പറയുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ മരം വെട്ടി നീക്കാൻ അധികൃതർ അനുമതിയും നൽകുന്നില്ല.അടിയന്തരമായി അപകടാവസ്ഥയിലുള്ള മരം മുറിച്ചു നീക്കി ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അല്ലാത്തപക്ഷം നാട്ടുകാരുടെ നേതൃത്വത്തിൽ അനുമതിക്ക് കാത്തുനിൽക്കാതെ അപകടാവസ്ഥയിലുള്ള മരം വെട്ടി നീക്കുമെന്നും പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി.