തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിലെ കുളമാവ് ഡാമിൻറെ സമീപം വിശ്രമ സങ്കേതം ഒരുക്കണമെന്ന് ഇതുവഴിയുള്ള യാത്രക്കാർ ആവശ്യപ്പെടുന്നു. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെയും കിളിവള്ളി പ്രദേശത്തിന്റെയും മനോഹര കാഴ്ച്ചകൾ ആസ്വദിക്കാൻ ഏറെ പേരാണ് ഇതുവഴിയുള്ള യാത്രക്കിടെ ഇവിടെ സമയം ചെലവഴിക്കുന്നത്
തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആളുകൾ ഏറ്റവുമധികം വിശ്രമിക്കാൻ ഇടത്താവളമായി തെരഞ്ഞെടുക്കുന്നത് വഴിയോരത്തുള്ള കുളമാവ് ഡാമിൻറെ പരിസരപ്രദേശമാണ്. കിളിവള്ളി തോടിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കുളമാവ് അണക്കെട്ടും പരിസരവും ഇതുവഴി യാത്ര ചെയ്യുന്നവർക്ക് എന്നും മനോഹര കാഴ്ചയാണ്. ജലനിലനിരപ്പ് താഴ്ന്നതോടെ മൊട്ടകുന്നുകളും തുരുത്തുകളും പ്രത്യക്ഷമായ കുളമാവ് ഡാമിലെ ജലാശയം ഒരു ഭാഗത്തും താഴ് വാരത്ത് നാളിയാനിയും ഉപ്പുകുന്നും, വെള്ളിയാമറ്റവും , കലയന്താനിയുമൊക്കെ ഉൾപ്പെടുന്ന പ്രകൃതി മനോഹരമായ പ്രദേശങ്ങൾ മറുഭാഗത്തും കാണാം.
ഡാമിൻറെ പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതോ ടൊപ്പം പൂച്ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കാം. ഇരിപ്പിടങ്ങൾ നിർമ്മിച്ച് ലൈറ്റുകളും സ്ഥാപിച്ചാൽ കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുവാൻ കഴിയും. അതോടൊപ്പം വഴിയോരത്ത് വ്യാപാരശാലകൾ സ്ഥാപിച്ചാൽ നിരവധി പേർക്ക് നിത്യജീവിതത്തിന് വരുമാന മാർഗവുമാവും. സംസ്ഥാനപാതയോരത്ത് കുളമാവ് ഡാമിനോടു ചേർന്ന് വൈദ്യുതി വകുപ്പിന്റെ കൈവശത്തിലുള്ള തരിശുഭൂമി പ്രയോജനപ്പെടുത്തിയാൽ നാടിൻറെ വികസനത്തിന് ഉപകാരപ്രദമായ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കാ നാവുമെന്നാണ് നാട്ടുകാരും വ്യക്തമാക്കുന്നത്.