ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ടൗണിലെ ചുമട്ടുതൊഴിലാളിയായ കൃഷ്ണനാണ് പരിക്കേറ്റത്

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. മീൻ പെട്ടി ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള കൂലി തർക്കമാണ് വൈകിട്ട് സംഘർഷത്തിൽ കലാശിച്ചത്. 8 മീൻ പെട്ടികൾ ഇറക്കിയെന്ന് പറഞ്ഞ് ചുമട്ടുതൊഴിലാളി കൃഷ്ണൻ കൂലി ആവശ്യപ്പെട്ടെങ്കിലും 7 പെട്ടികളാണ് ഇറക്കിയത് എന്ന് കടയുടമ സുരേഷും, സഹോദരൻ സുഭാഷും പറഞ്ഞു. കൂലി തർക്കത്തിൽ ഇവർ തമ്മിൽ കടയിൽ വച്ച് സംഘർഷവുമുണ്ടായി.
പിന്നീട് കടയിൽ നിന്നും പോയ കൃഷ്ണൻ സ്കൂട്ടറിൽ പോകുന്നത് കണ്ടു പുറകെ പിക്കപ്പുമായി ചെന്ന് സുഭാഷ് കൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവം നേരിൽ കണ്ട ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഇടപെട്ട് സുഭാഷിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സുഭാഷിനെ പിന്നീട് റിമാൻ്റ് ചെയ്തു. ഇയാളുടെ സഹോദരൻ സുരേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.