അണക്കര ടൗണിന് സമീപം റോഡരികിൽ വളർന്നു നിന്ന രണ്ടുമാസത്തോളം വളർച്ചയുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തി

അണക്കര ഏഴാം മൈൽ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ നിന്നും കുങ്കിരിപ്പെട്ടിക്ക് പോകുന്ന റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് കഞ്ചാവ് ചെടികൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ പോലീസ് സംഘം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുമാസത്തോളം വളർച്ച തോന്നിക്കുന്ന രണ്ട് കഞ്ചാവ് തൈകളാണ് ഉണ്ടായിരുന്നത്.
കഞ്ചാവ് ചെടികൾ ലാബിൽ അയച്ച് പരിശോധന നടത്തും. വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ ഷൈൻ കുമാർ, എസ് ഐ മാരായ ബിനോയി എബ്രഹാം,പ്രകാശ് ജി, ഉദ്യോഗസ്ഥരായ ജയൻ എൻ, ഷിജുമോൻ റ്റി എസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വ്യാപകമാകുന്നത് സംബന്ധിച്ച് പോലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് പൊതു റോഡിനോട് ചേർന്ന് കഞ്ചാവ് ചെടികളിൽ കണ്ടെത്തിയിരിക്കുന്നത്. അണക്കര മേഖലയിൽ സജീവമായിട്ടുള്ള ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പോലീസും എക്സൈസ് അധികൃതരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.